Monday, September 8, 2014

'ദൈവകണം' പ്രപഞ്ചത്തെ ഉന്മൂലനം ചെയ്‌തേക്കാമെന്ന് സ്റ്റീഫന്‍ ഹോക്കിങ്‌



ലണ്ടന്‍: ഹിഗ്ഗ്‌സ് ബോസോണിന് പ്രപഞ്ചത്തെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുണ്ടെന്ന് മുന്നറിയിപ്പ്. 2012-ല്‍ കണ്ടുപിടിച്ച 'ദൈവകണ'മെന്ന് അപരനാമമുള്ള ഈ മൗലിക കണങ്ങളെ അത്യുന്നത ഊര്‍ജനിലയിലേക്കെത്തിച്ചാല്‍, പ്രപഞ്ചം അപ്പാടെ ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങാണ് മുന്നറിയിപ്പ് നല്‍കിയത്.

അസാധാരണമായ ഉന്നത ഊര്‍ജനിലയിലേക്ക് ഉയര്‍ത്തിയാല്‍ 'വാക്വം ഡീക്കേ' എന്ന വിനാശകാരിയായ പ്രതിഭാസത്തിന് ഹിഗ്ഗ്‌സ് ബോസോണ്‍ തിരികൊളുത്തിയേക്കാമെന്ന്, കേംബ്രിജിലെ മുന്‍ ലൂക്കാസിയന്‍ പ്രൊഫസറായ ഹോക്കിങ് ചൂണ്ടിക്കാട്ടി. 'പ്രകാശവേഗത്തില്‍ വികസിക്കുന്ന ശൂന്യസ്ഥലം (വാക്വം) ആണ് വാക്വം ഡീക്കേ വഴി സൃഷ്ടിക്കപ്പെടുക. പ്രപഞ്ചം ക്ഷണനേരംകൊണ്ട് ഉന്മൂലനം ചെയ്യപ്പെടാന്‍ ഇതിടയാക്കും. അത് വരുന്നത് നമ്മള്‍ അറിയുകയേ ഇല്ല' ഹോക്കിങ് പറയുന്നു.
എന്നാല്‍, ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടുപിടിക്കപ്പെട്ട ഉപകരണമായ ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ സാധ്യമായ ഊര്‍ജനില ഒരു അപകടവും വരുത്തില്ലെന്നും ഹോക്കിങ് പറയുന്നു. ഊര്‍ജനില 10,000 കോടി ഗിഗാ ഇലക്ട്രോണ്‍വോള്‍ട്ട് സാധ്യമായ ഒരു കണികാത്വരകത്തില്‍ (പാര്‍ട്ടിക്കിള്‍ ആക്‌സിലേറ്റര്‍ ) മാത്രമേ 'വാക്വം ഡീക്കേ' പോലുള്ള പ്രതിഭാസം പ്രതീക്ഷിക്കാനാകൂ. അതിന് ഭൂമിയെക്കാള്‍ വലിയ കണികാത്വരകം വേണ്ടിവരും. 'നിലവിലെ സാമ്പത്തിക പരിസ്ഥിതിയില്‍ അത്തരമൊന്നുണ്ടാവാന്‍ സാധ്യമില്ലല്ലോ' ഹോക്കിങ് ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ചുറ്റളവ് വെറും 27 കിലോമീറ്റര്‍ മാത്രമാണ്. ഹോക്കിങ് ഭയപ്പെടുന്ന സ്ഥതിവിശേഷം ഒരു കാരണവശാലും ജനീവയിലെ കണികാപരീക്ഷണത്തില്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അടുത്ത മാസം പുറത്തുവരാന്‍ പോകുന്ന 'സ്റ്റാര്‍മസ്' എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിലാണ്, ഹിഗ്ഗ്‌സ് ബോസോണിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ ഹോക്കിങ് രേഖപ്പെടുത്തിയത്. ലോകപ്രശസ്ത കണികാശാസ്ത്രജ്ഞരുടെയും പ്രപഞ്ചഘടനാ ശാസ്ത്രജ്ഞരുടെയും പ്രഭാഷണങ്ങളുടെ സമാഹാരമാണ് ആ ഗ്രന്ഥം.

ഹിഗ്ഗ്‌സ് ബോസോണ്‍ എന്നാല്‍

പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന സൈദ്ധാന്തിക പദ്ധതിയായ 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' അനുസരിച്ച്, സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം അഥവാ പിണ്ഡം ലഭിക്കുന്നത് 'ഹിഗ്ഗ്‌സ് സംവിധാനം' അനുസരിച്ചാണ്. ഹിഗ്ഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്.
പ്രപഞ്ചാരംഭത്തില്‍ മഹാവിസ്‌ഫോടനം സംഭവിച്ച ആദ്യസെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയത്തേക്ക് പ്രപഞ്ചം പ്രകാശവേഗത്തില്‍ പായുന്ന വ്യത്യസ്തകണങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഒന്നിനും ദ്രവ്യമാനം ഉണ്ടായിരുന്നില്ല. ഹിഗ്ഗ്‌സ് മണ്ഡലവുമായി ആ കണങ്ങള്‍ ഇടപഴകിയതോടെയാണ് അവയ്ക്ക് ദ്രവ്യമാനം ഉണ്ടായത് ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ ദ്രവ്യമാനമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും ദ്രവ്യമാനം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്ഗ്‌സ് ഫീല്‍ഡുമായി അല്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് ദ്രവ്യമാനമില്ല. അവ പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്നു.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...