Thursday, December 4, 2014

"ലിവിംഗ് ലെജന്റ് ഓഫ് ലോ"


ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദാര്‍ശനിക മുഖമായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 3.30നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബർ 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 15ന് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. പരേതയായ ശാരദയാണ് ഭാര്യ. രണ്ട് പുത്രന്മാരുണ്ട്. സംസ്കാരം നാളെ വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തിൽ നടക്കും.

1915 നവംബര്‍ 15ന് പാലക്കാട് വൈദ്യനാഥപുരം വി.വി. രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായാണ് കൃഷ്ണയ്യരുടെ ജനനം. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1952-ല്‍ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മന്ത്രിയായിരുന്ന അദ്ദേഹം 1968-ല്‍ ഹൈക്കോടതി ജഡ്ജിയും 1970ല്‍ ലാ കമ്മിഷൻ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഇക്കാലയളവില്‍ നാനൂറിലധികം വിധികളാണ് കൃഷ്ണയ്യർ പ്രഖ്യാപിച്ചത്.  പാവപ്പെട്ടവനു ജാമ്യം അന്യമാകരുതെന്ന് മോത്തീറാം കേസില്‍ വിധി പുറപ്പെടുവിച്ചു കൊണ്ട് കൃഷ്ണയ്യർ പറഞ്ഞു. ആ വിധിക്കു ശേഷമാണ് ജാമ്യ വ്യവസ്ഥകള്‍ ഉദാരമാക്കാൻ തുടങ്ങിയത്.
പട്ടിക ജാതിയില്‍പ്പെട്ടവരെ ജഡ്‌ജിമാരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, നിയമമന്ത്രി, ചീഫ്‌ ജസ്‌റ്റീസ്‌ എന്നിവർക്ക് കൃഷ്ണയ്യര്‍ എഴുതിയ കത്തുകള്‍ പ്രസിദ്ധമാണ്‌.

ഒരു രൂപ പോലും പ്രതിഫലം പറ്റാതെ നിരവധി കമ്മിഷനുകളുടെ അദ്ധ്യക്ഷനായും കൃഷ്‌ണയ്യര്‍ പ്രവര്‍ത്തിച്ചു. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട നിയമപരിഷ്‌കാര കമ്മിഷന്‍ വിപ്ലവകരമായ നിദ്ദേശങ്ങളാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

സംഗീതത്തിലും താല്‍പര്യമുള്ളയാളായിരുന്നു കൃഷ്ണയ്യര്‍. അണ്ണാമലൈ സർവകലാശാലയിൽ  പഠിക്കുന്ന കാലത്ത്‌ സംഗീതവിരുന്നുകളിലും പങ്കെടുത്തിരുന്നു. സംഗീതത്തിലും വീണവായനയിലും തൽപരയായിരുന്ന ഭാര്യ ശാരദയിൽ നിന്ന് വീണവായന അഭ്യസിച്ചിട്ടുണ്ട് കൃഷ്ണയ്യര്‍.  പുലർച്ചെ നാലു മണിക്ക് ഉണര്‍ന്ന് വീണവായിക്കുമായിരുന്നു അദ്ദേഹം. ഭാര്യയുടെ മരണത്തോടെയാണ് ആ പതിവ് നിർത്തിയത്. 

നൂറ്റിയഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നീതിന്യായം, നിയമം എന്നീ മേഖലയില്‍പ്പെടുന്നവയാണ് ഭൂരിഭാഗവും. വാണ്ടറിംഗ് ഇന്‍ മെനി വേള്‍ഡ്സ് (Wandering in Many Worlds)​ എന്നതാണ് കൃഷ്ണയ്യരുടെ ആത്മകഥ. ''ലൈഫ് ആഫ്‌റ്റര്‍ ഡെത്ത് " എന്ന കൃതിയും ശ്രദ്ധേയമാണ്.

സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ്,​ ശ്രീ ജഹാംഗീർ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികൾ കൃഷ്ണയ്യർക്ക് ലഭിച്ചിട്ടുണ്ട്. 1995-ൽ ഇന്റര്‍നാഷണല്‍ ബാർ കൗണ്‍സില്‍,​ കൃഷ്ണയ്യരെ  "ലിവിംഗ് ലജന്‍ഡ് ഒഫ് ലാ" (Living Legend Of Law) എന്ന ബഹുമതി നല്‍കി ആദരിച്ചു. 1999ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. റഷ്യന്‍ സര്‍ക്കാര്‍ "ഓര്‍ഡര്‍ ഒഫ് ഫ്രണ്ട്ഷിപ്പ്'' അവാർഡും നല്‍കി ആദരിച്ചു.  

കൊട്ടോടി സ്കൂളിന്റെ ആദരാഞ്ജലികള്‍.....

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...