Saturday, January 10, 2015

കെ.ജെ.യേശുദാസ്


ഒരോ ശരാശരിമലയാളിയുടേയും ഒരോ ദിവങ്ങളും കടന്നു പോവുന്നത് കൊച്ചിക്കാരന്‍ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ശബ്ദം കേട്ടുകൊണ്ടാവും.ജനറേഷന്‍ ഗ്യാപ്പെന്നോ പ്രായഭേദമെന്നോ നോക്കാതെ ആബാലവൃദ്ധം മലയാളികള്‍ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു പാട്ടുകാരന്‍ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്.

"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന  വാഴുന്ന
മാതൃകാ സ്ഥാനമാണിത്"

എന്ന ഗുരുവിന്റെ നാലു വരി യേശുദാസിന്റെ വശ്യമായ ശബ്ദത്തില്‍ ആദ്യമായി റെക്കോഡ് ചെയ്തപ്പോള്‍ ആ മഹാഗായകന്‍ മലയാളികളുടെ ജീവന്റെ സംഗീതവും ആത്മാവിന്റെ തുടിപ്പുമായി.ആ ഹൃദയത്തുടുപ്പിനെയാണു ലോകമെങ്ങും ഉള്ള മലയാളികള്‍  ഗാന ഗന്ധര്‍വ്വന്‍ എന്നു സ്നേഹാദരപൂര്‍വ്വം സംബോധന ചെയ്യുന്നത്.

1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും 5 മക്കളില്‍ മൂത്ത പുത്രനായി യേശുദാസ് ജനിച്ചു.ചെറുപ്രായത്തില്‍ തന്നെ യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു. പിതാവ് തന്നെയായിരുന്നു ഗുരുനാഥനും.എട്ടു വയസ്സുള്ളപ്പോള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഉള്ള ഒരു സംഗീത മത്സരത്തില്‍ പങ്കെടുത്ത് സ്വർണ്ണ മെഡല്‍ സ്വന്തമാക്കി.1958ല്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റെ കീഴില്‍ ഒരു വര്‍ഷത്തെ സംഗീതാഭ്യസനം.തുടര്‍ന്ന് പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെ കീഴില്‍ ആറു മാസവും എറണാകുളം ശിവരാമന്‍ ഭാഗവതരുടെ കീഴില്‍ മൂന്നു വര്‍ഷവും സംഗീതം പഠിച്ചു.

എസ് എസ് എല്‍ സി പാസ്സായതിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ ചേർന്നു.1960 ല്‍ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ ചേർന്നു.പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിന്‍സിപ്പല്‍. യേശുദാസിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

കര്‍ണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാനും കച്ചേരിക്ക് അകമ്പടി പാടാനും സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി.

എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തില്‍ കാല്പാടുകള്‍ എന്ന ചിത്രത്തില്‍ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ " ശ്രീ കോവില്‍"ആയിരുന്നു. മലയാളത്തിലും മറ്റു ഇന്ത്യന്‍ ഭാഷകളിലുമായി 30000 ല്‍ പരം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഈ പ്രതിഭ ഏതാനും ചിത്രങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കാവ്യ മേള,കായംകുളം കൊച്ചുണ്ണി, അനാര്‍ക്കലി, പഠിച്ച കള്ളന്‍, അച്ചാണി, ഹര്‍ഷ ബാഷ്പം, നിറകുടം, കതിര്‍മണ്ഡപം, പാതിരാ സൂര്യൻ, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണു അദ്ദേഹം പാടി അഭിനയിച്ചത്.

ഏറ്റവും മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഏറ്റവും കൂടുതല്‍ തവണ ലഭിച്ചത് ഈ അനുഗ്രഹീത ഗായകനാണ്.എഴുത്തിയഞ്ചാം പിറന്നാളാഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ ശ്രീ.കെ.ജെ.യേശുദാസിന് കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍...

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...