Friday, November 14, 2014

പഠനയാത്ര - ഒരു പഠന പ്രവര്‍ത്തനംകൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്  പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠന യാത്രയും ഒരു പഠന പ്രവര്‍ത്തനമാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുകയാണ്.തെന്മല-തിരുവനന്തപുരം-എറണാകുളം എന്നിവിടങ്ങളിലേക്കാണ് യാത്ര.ചരിത്രപരവും സാമ്പത്തികപരവും ശാസ്ത്രപരവുമായ കാര്യങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനും മാറ്റങ്ങളെ തിരിച്ചറിയാനും ഈ യാത്ര സഹായിക്കും.പഠനയാത്ര ഫലപ്രദമാക്കാന്‍ ഒരു റിപ്പോര്‍ട്ട് ഫോര്‍മാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.വ്യത്യസ്ഥ ഗ്രൂപ്പുകളാക്കി ചുമതല വിഭജിച്ച് നല്‍കി.യാത്രയെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി.പഠനയാത്രാ ഫോര്‍മാറ്റ് താഴെ..

NOVEMBER 14 - WORLD DIABETES DAYപ്രമേഹം - നിശബ്ദനായ കൊലയാളി.
ഇന്ന് ലോക പ്രമേഹ ദിനം. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ 1991 മുതലാണ് ലോക പ്രമേഹ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഇന്‍സുലിന്‍ കണ്ടെത്താന്‍ കാരണക്കാരായ ഫ്രഡറിക്ക് ബാന്റിംഗ്, ചാള്‍സ് ബെസ്റ്റ് എന്നിവരുടെ ഓര്‍മ്മക്കായാണ് നവംബര്‍ 14 പ്രമേഹ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പ്രമേഹം വരാതെ തടയുക, പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഓരോ പ്രമേഹ ദിനാചരണത്തിന്റെയും ലക്‌ഷ്യം.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയുകയാണ് ആദ്യ ഘട്ടം. അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, വയറുവേദന, കൈകാലുകളില്‍ തരിപ്പ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, ഉണങ്ങാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാമാണ് പ്രമേഹ രോഗബാധിതരിലെ ആദ്യ ലക്ഷണങ്ങള്‍.

അമിതവണ്ണം, വ്യായാമം ചെയ്യാതിരിക്കുക, ക്രമം തെറ്റിയ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന പ്രമേഹരോഗത്തിനു കാരണമായി മുന്നോട്ട് വയ്ക്കുന്നത്. പ്രമേഹരോഗികളില്‍ 80 ശതമാനം പേര്‍ മരിക്കുന്നതും ഹൃദയധമനീരോഗങ്ങളാലാണ്. കൂടാതെ ഇവര്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയും നാലിരട്ടിയാണ്.


രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രണവിധേയമാക്കിയും, ഭക്ഷണത്തെ പഥ്യവും ശാസ്ത്രീയവുമാക്കിയും കൊളസ്‌ട്രോള്‍ ഘടകങ്ങളെ കുറച്ചും പ്രമേഹരോഗത്തെ വരുതിയിലാക്കാന്‍ കഴിയുമെന്നും ആരോഗ്യ വകുപ്പ് ഉറപ്പ് തരുന്നു.
പ്രമേഹരോഗം ഇന്ന് ലോകമെമ്പാടും അര്‍ബുദത്തിനൊപ്പം ഗൌരവമേറിയ രോഗമായി വളരെ വര്‍ധിച്ച് വരുകയാണ്. ഏഷ്യന്‍ ജനതയില്‍ പ്രമേഹ സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുള്ളതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. മതിയായ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.
കരുതിയിരിക്കുക ഈ നിശബ്ദനായ കൊലയാളിയെ....!
ആരോഗ്യക്ലബ്ബ്,കൊട്ടോടി

ശിശുദിന ചിന്തകള്‍

നവംബര്‍ 14,നവഭാരത ശില്‍പ്പിയും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്മദിനം. ചാച്ചാ നെഹ്രുവിന് കുഞ്ഞുങ്ങളോട് അമിതമായ സ്നേഹ വാല്‍സല്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി നാം ആചരിക്കുന്നു.ഇതിന്റെ ലക്ഷ്യം ശിശുക്കളില്‍ മത സൗഹാര്‍ദ്ദ ചിന്തയും സാഹോദര്യ ഭാവവും വളര്‍ത്തുക, ആഗോള വ്യാപകമായി ശിശു ക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക എന്നിവയായിരുന്നു.ആ മഹത്‌വ്യക്തിയെ സ്മരിക്കുന്നത് അദ്ദേഹത്തിന്റെ നന്മയെ പ്രാവര്‍ത്തികമാക്കിക്കൊണ്ടായിരിക്കണം.
അട്ടപ്പാടിയിലെ ബാല്യങ്ങള്‍ :


നമുക്ക് ലജ്ജിക്കാം ഈ ശിശുദിനത്തില്‍,അട്ടപ്പാടിയിലെ ശിശുമരണങ്ങളെ ഓര്‍ത്ത്.വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സംസ്കാരത്തിലും മുന്‍പന്തിയിലെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം അഹങ്കരിക്കുന്ന മലയാളികളുടെ കാപട്യത്തിനേറ്റ തിരിച്ചടിയാണ് ഈസംഭവം.
കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സര്‍ക്കാരുകളും സന്നദ്ധസംഘടനകളും പലതും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട കുട്ടികള്‍ക്ക്‌ ഇതിന്റെ ചെറിയ ഗുണം പോലും കിട്ടുന്നുണ്ടോ എന്നത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.
മുഖം നഷ്ടമാകുന്ന ബാല്യങ്ങള്‍:
ഏതൊരു പട്ടണത്തിലും മുന്നില്‍ വന്ന് കൈ നീട്ടുന്ന ഒരു കുരുന്നു മുഖമെങ്കിലും നമ്മുക്ക് കാണാനാകും. കളിപ്പാട്ടങ്ങളും കളര്‍പുസ്തകങ്ങളും പിടിക്കേണ്ട കൈകളില്‍ കാണുന്നതോ? കരിയും ചെളിയും പുരണ്ട മുഖത്തെ നിറം മങ്ങിയ കുഞ്ഞു കണ്ണുകളിലെ ദൈന്യതയിലേക്ക് നോക്കിയാല്‍ ഈ ലോകം നിശ്ചലമാകുന്നതു പോലെ തോന്നും. നമ്മളിലുണരുന്ന സഹതാപ തരംഗത്തിന്റെ ഭാഗമായി പിഞ്ചുകൈകളിലേക്കു നല്‍കുന്ന നാണയങ്ങളില്‍ ഒതുങ്ങുന്ന ബാല്യങ്ങള്‍.തെരുവു കുട്ടികളുടേയും അനാഥകുട്ടികളുടേയും കാര്യമാണെങ്കിലോ മിക്കവരും പീഡനത്തിനും ചൂഷണത്തിനും വിധേയരാകാന്‍ വിധിക്കപ്പെട്ടവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍. മിക്ക കുട്ടികളും ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുകയും കുടുംബത്തെ സഹായിക്കാനായി ബാലവേലകളില്‍ ഏര്‍പ്പെടേണ്ടിവരുകയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ ചുമതലകള്‍ ചെറുതായെങ്കിലും ഏല്‍ക്കേണ്ടിവരുന്ന അവസ്ഥ. ഈ കുട്ടികള്‍ നാളെ വളരുമ്പോള്‍ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒറ്റയടിക്ക്‌ ഇതൊന്നും മാറ്റാനാവില്ലെങ്കിലും കുറേശ്ശെയെങ്കിലും ഇതിനു കുറവു വന്നെങ്കില്‍.............
കണക്കുകള്‍ പറയുന്നത് :
ചൈല്‍ഡ് ലൈനില്‍ എത്തുന്ന കൂടുതല്‍ കുട്ടികളും വൈകാരികമായ സഹായം വേണ്ടവരാണ്. ലഹരി ഉപയോഗം, മൊബൈല്‍ ദുരുപയോഗം, നീലച്ചിത്രങ്ങള്‍ കാണുക, മോഷണം, എല്ലാം നശിപ്പിക്കുന്ന സ്വഭാവം എന്നിങ്ങനെ പലതരത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍. 2002 മുതല്‍ 2012 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് 20,768 കുട്ടികളാണ് ഇത്തരം വൈകൃതങ്ങളില്‍ നിന്നും മുക്തി തേടി കൗണ്‍സലിങിന് ചൈല്‍ഡ് ലൈനില്‍ എത്തിയിട്ടുള്ളത്. കുട്ടികളെ മനസ്സിലാക്കുന്നതില്‍ മാതാപിതാക്കളും അധ്യാപകരും പരാജയപ്പെടുന്നിടത്താണ് ഇത്തരം കേസുകള്‍ തുടങ്ങുന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ വീടുവിട്ട് ഇറങ്ങിപ്പോകുന്നവരും കുറവല്ല. കുടുംബ പ്രശ്നങ്ങളില്‍ വാടിക്കരിയുന്ന ബാല്യങ്ങളും ഇന്ന് കുറവല്ല. അമ്മ കുറ്റപ്പെടുത്തിയതിന് വീടു വിട്ടറങ്ങിയ പതിനൊന്നുകാരന്‍ പൊള്ളാച്ചി റയില്‍വേ സ്റ്റേഷനില്‍ കിടന്ന് ജ്വരം ബാധിച്ച് മരിച്ചതും മോഷണത്തിന് പിടിക്കപ്പെട്ടപ്പോള്‍ നാടു വിട്ട കുട്ടിയുമെല്ലാം എവിടെയും അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വാടുന്ന കുഞ്ഞുമനസ്സുകളാണ്.
ആരുടെ കൈകളിലാണ് സുരക്ഷിതത്വം ?
            കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലര വയസ്സുകാരി എല്‍.കെ.ജി വിദ്യാര്‍ഥിനിയെ അതേ സ്കൂളിനോടനുബന്ധിച്ച ഹോസ്റ്റല്‍ അന്തേവാസികളായ രണ്ടു വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബാലപീഡനനിരോധ നിയമപ്രകാരം കേസെടുത്തതായി പുറത്തുവന്ന വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. സ്കൂള്‍ അധികൃതരുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് രക്ഷിതാക്കള്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബത്തിലത്തെന്നെ ചിലര്‍ ബാലികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധിച്ച ഡോക്ടര്‍മാര്‍ പീഡനം സ്ഥിരീകരിക്കുകയും ചെയ്തുവെന്നാണ് വിവരം. 10ാം ക്ലാസ് വരെ മാത്രമുള്ള സി.ബി.എസ്.ഇ സ്കൂളിലാണത്രെ സംഭവം. 
മാറണ്ടെ നമ്മള്‍ ? മാറ്റം എവിടെ നിന്ന് തുടങ്ങണം ?
എ.എം കൃഷ്ണന്‍
ജി.എച്ച് എസ്.എസ്.കൊട്ടോടി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...