Showing posts with label അനുസ്മരണം. Show all posts
Showing posts with label അനുസ്മരണം. Show all posts

Tuesday, April 14, 2015

ഡോ.ബി.ആര്‍.അംബേദ്കര്‍ ജയന്തി


 ഭീം റാവു റാംജി അംബേദ്കര്‍, (1891 - 1956)
 
ഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും. ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനായ ഡോ. അംബേദ്കര്‍ ദലിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്ട്രമീമാംസകന്‍, ധനതത്ത്വശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, ബുദ്ധമത പുനരുദ്ധാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ 124-ാം ജന്മ വാര്‍ഷിക ദിനാഘോഷമാണിന്ന്.1891 ഏപ്രില്‍ 14-ന് മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തില്‍, മഹര്‍ സമുദായത്തില്‍പ്പെട്ട രാംജിസക്പാലിന്റെയും ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി പിറന്ന അംബേദ്കര്‍ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇന്ത്യാചരിത്രത്തില്‍ അഗ്രഗാമിയായി മാറിയത്. ബ്രിട്ടീഷ് സൈന്യത്തില്‍ ഒരു പട്ടാളക്കാരനായിരുന്നു രാംജിസക്പാല്‍. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ അംബേദ്കറെ ഭീം എന്നാണ് വിളിച്ചിരുന്നത്.

അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തില്‍ പിറന്നതിനാല്‍ ബാല്യകാലം മുതല്‍ ജാതിയുടെയും അയിത്തത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് അംബേദ്കര്‍ വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. അംബവഡേകര്‍ എന്നായിരുന്നു മാതാപിതാക്കള്‍ മകന് നല്‍കിയ പേര്. മഹാരാഷ്ട്രയിലെ സത്താറ എന്ന ഗ്രാമത്തിലാണ് അംബേദ്കര്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അംബവഡേകറോട് സ്നേഹം തോന്നിയ അധ്യാപകനാണ് ബാലനായ അദ്ദേഹത്തിന്റെ പേര് അംബേദ്കര്‍ എന്നു തിരുത്തിയത്. 1908-ല്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍ നിന്നു അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസ്സായി. തുടര്‍ന്ന് രമാഭായിയെ വിവാഹം കഴിക്കുകയും 1912-ല്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നും ബിരുദം സമ്പാദിച്ചശേഷം 1913-ല്‍ ബറോഡ സ്റ്റേറ്റ് ഫോഴ്സില്‍ ലെഫ്റ്റെനന്റായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ പിതാവിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് അംബേദ്കര്‍ക്ക് ഉദ്യോഗം രാജിവക്കേണ്ടിവന്നു.

Sunday, March 8, 2015

ആദരാഞ്ജലികള്‍........

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ശനിയാഴ്ച രാവിലെ 10.30 ഓടെ ബംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ളോബല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് മന്ത്രിമാരും പ്രമുഖ നേതാക്കളും ബംഗളൂരുവിലെ ആശുപത്രിയിലത്തെിയിരുന്നു. സ്പീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാറിന്‍റെ ഒൗദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.

കോണ്‍ഗ്രസ് (ഐ) യിലെ പ്രമുഖ നേതാവായിരുന്ന ജി കാര്‍ത്തികേയന്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 1995ലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001 ല്‍ ഭക്ഷ്യപൊതുവിതരണ, സാംസ്കാരിക മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തു.
വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 1980ല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വര്‍ക്കല മണ്ഡലത്തില്‍ വര്‍ക്കല രാധാകൃഷ്ണനോടായിരുന്നു തോല്‍വി.
1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം സി.പി.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. എന്നാല്‍ 1987ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി. കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാടില്‍ നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലത്തെിയത്.

വര്‍ക്കലയായിരുന്നു സ്വദേശം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ മക്കളാണ്.

Wednesday, January 28, 2015

വിടവാങ്ങിയത് 'ദി കോമണ്‍മാന്റെ' സൃഷ്ടാവ്‌

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണിന് ആദരാഞ്ജലികള്‍.....

ഒന്നും സംസാരിക്കാതെ എല്ലാത്തിനും സാക്ഷിയായി നില്‍ക്കുന്ന 'കോമണ്‍മാന്‍'. സാധാരണക്കാരന്റെ ആശകളും, പ്രതീക്ഷകളും, പ്രശ്‌നങ്ങളും, ദുരിതങ്ങളും കോമണ്‍മാന്‍ സമൂഹത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരിച്ചില്ലെങ്കിലും നൂറുവാക്കുകളെക്കാള്‍ മൂര്‍ച്ഛയുണ്ടായിരുന്നു കോമണ്‍മാന്. അതിലൂടെ വന്ന വിമര്‍ശനങ്ങള്‍ പലപ്പോളും കുറിക്കുകൊള്ളുന്ന യാഥാര്‍ഥ്യങ്ങളായി. കോമണ്‍മാന്റെ മൂര്‍ച്ചറിയാത്ത ഭരണാധികാരികള്‍ ചുരുക്കം..
സമൂഹത്തിന്റെ പ്രതിനിധിയായി നിരന്തരം ഇടപെടലുകള്‍ നടത്തിയ കോമണ്‍മാന്റെ സൃഷ്ടാവാണ് 66 ാം റിപ്പബ്ലിക് ദിനത്തില്‍ വിടപറഞ്ഞത്. രസിപുരം കൃഷ്ണസ്വാമി അയ്യര്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ വരകള്‍ ബാക്കിയാക്കി യാത്രയായി.

ടൈംസ് ഓഫ് ഇന്ത്യയിലെ യൂ സെഡ് ഇറ്റ് എന്ന പോക്കറ്റ് കാര്‍ട്ടൂണിലെ കോമണ്‍മാനെ ഇന്ത്യക്ക് അത്രമേല്‍ പരിചിതമായിരുന്നു. രാജ്യത്തെ സാധാരണജനം ആര്‍ കാര്‍ട്ടൂണിനായി കാതോര്‍ത്തിരുന്നു. ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ ചിഹ്നമായും ഈ കോമണ്‍മാന്‍ അവതരിപ്പിക്കപ്പെട്ടു.


ആര്‍.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണിന്റെ പ്രഹരശേഷി അറിഞ്ഞവരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും കേന്ദ്ര സര്‍ക്കാരും വരെ ഉള്‍പ്പെടുന്നു. സച്ചിന് സമ്മാനമായി ലഭിച്ച ഫെരാരി കാറിന് 120 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണമെന്ന നിയമം ലംഘിച്ച് കേന്ദ്രം നികുതി ഇളവ് നല്‍കി. ഇതിനെ കളിയാക്കിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണ്‍ കോടതിയുടെ ശ്രദ്ധയില്‍ വരുകയും സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്ത സംഭവം വരെ ഇന്ത്യ കണ്ടതാണ്.

1921 ല്‍ മൈസൂരിലാണ് ആര്‍.കെ ലക്ഷ്മണ്‍ ജനിച്ചത്. മാസികകളില്‍ വരച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. അതിന് മുമ്പ് വീട്ടിലെ ചുമരുകള്‍ അത്രയും അദ്ദേഹത്തിന്റെ വരകള്‍ക്കുള്ള ഇടമായി. ഒരിക്കല്‍ തന്റെ വരകണ്ട അധ്യാപികയുടെ പ്രശംസ കേട്ടതോടെ തന്നിലെ ആര്‍ട്ടിസ്റ്റിനെ ലക്ഷ്മണ്‍ തിരിച്ചറിഞ്ഞു. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം മുംബൈയിലെ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനം തേടി അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടി. ഫ്രീലാന്‍സായി വര തുടര്‍ന്നു.

മൈസൂരിലെ മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്ത് സഹോദരന്‍ ആര്‍.കെ നാരായണന്റെ കഥകള്‍ക്ക് കാരിക്കേച്ചര്‍ വരച്ചു. 'സ്വതന്ത്ര' തുടങ്ങിയ പ്രാദേശിക പത്രങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ കാര്‍ട്ടൂണുകളും അക്കാലത്ത് വരച്ചു. ഡോ ശിവറാം സ്ഥാപിച്ച'കുറവഞ്ചി' എന്ന കന്നട ഹാസ്യ മാസികയിലൂടെയാണ് അദ്ദേഹത്തിലെ കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.

മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തശേഷം ജോലിനേടി മുംബൈയില്‍ എത്തി. തുടര്‍ന്ന് ബ്ലിറ്റ്‌സിലും ഫ്രീപ്രസ്സ് ജര്‍ണലിലും വരച്ചു. ഫ്രീ പ്രസ്സ് ജര്‍ണലില്‍ ജോലിചെയ്യുന്ന അവസരത്തില്‍ തന്റെ തൊട്ടടുത്ത കസേരയില്‍ ഇരുന്ന് ശ്രദ്ധയോടെ കാര്‍ട്ടൂണ്‍ വരയ്ക്കാറുണ്ടായിരുന്ന ഒരുകാര്‍ട്ടൂണിസ്റ്റിനെക്കുറിച്ച് ലക്ഷ്മണ്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. ശിവസേനാ തലവനായിരുന്ന ബാല്‍താക്കറെ ആയിരുന്നു അത്! 1947 ല്‍ ലക്ഷ്മണ്‍ 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ എത്തി. പിന്നീട് ആറ് പതിറ്റാണ്ടുകാലം അവിടെ ജോലിചെയ്തുകൊണ്ടാണ് തന്റെ 'യൂ സെഡ് ഇറ്റ്' എന്ന പോക്കറ്റ് കാര്‍ട്ടൂണിനെയും അതിലെ കഥാപാത്രമായ 'കോമണ്‍മാനേ'യും അനശ്വരമാക്കിയത്.

ദൈനംദിന ജീവിതത്തിലെ സാധാരണക്കാരന്റെ ക്ലേശങ്ങള്‍ക്ക് മൂകസാക്ഷിയായിരുന്നു 'കോമണ്‍മാന്‍'. സാഹിത്യരംഗത്തും ലക്ഷ്മണ്‍ തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചെറുകഥ, ഉപന്യാസം, യാത്രാവിവരണം എന്നിവയ്ക്കുപുറമെ രണ്ടു നോവലുകളും ഒരു ആത്മകഥാഗ്രന്ഥവും അദ്ദേഹത്തിന്റെ സംഭാവനയില്‍പ്പെടുന്നു. പത്രപ്രവര്‍ത്തനശാഖയ്ക്കുള്ള രമണ്‍ മഗ്‌സാസെ അവാര്‍ഡ് 1984 ല്‍ നേടിയിട്ടുണ്ട്. 2005 ല്‍ രാഷ്ട്രം പദ്മവിഭൂഷണ്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. ദി ടണല്‍ ഓഫ് ടൈം എന്ന ആത്മകഥയും അദ്ദേഹത്തിന്റേതായുണ്ട്.

മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ അനാഛാദനം നിര്‍വഹിച്ച 'കോമണ്‍മാന്റെ' ഒരു വെങ്കല പ്രതിമ പൂണെയിലുണ്ട്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കഥാപാത്രം പ്രതിമരൂപത്തില്‍ ജനങ്ങളുടെ ഇടയില്‍ നില്ക്കുന്നത്.

Friday, January 23, 2015

നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനം


"എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞ നമ്മുടെ നേതാജിയുടെ,  ഒരു ജന്മദിനം കൂടി കടന്നു പോകുന്നു.

ബാല്യം യൗവ്വനം ….

ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23നായിരുന്നു സുഭാഷിന്‍റെ ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീനാഥബോസ് മഹാത്മാഗാന്ധിയുടെ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സുഭാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1913-ല്‍ മെട്രിക്കുലേഷനും 1915-ല്‍ ഇന്റര്‍മീഡിയറ്റും 1920 ല്‍ ഐ. സി. എസും പാസായി. ബ്രിട്ടനിന്‍ നിന്നാണ് ബോസ് ഐസിഎസ് പാസായത്.

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍

1921 ജൂലൈയില്‍ ഐസിഎസ് പഠനം പൂര്‍ത്തിയാക്കി ബോസ് ബോംബെയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു. 1923 ല്‍ നേതാജി യൂത്ത്‌കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയി. ഒപ്പം ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്‍റെ കീഴില്‍ കല്‍ക്കട്ട മുനിസിപ്പല്‍ കോര്‍പറേഷനില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ ഒക്‌ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബർമ്മയിലേ മാന്‍ഡലെ ജയിലിലേക്ക് നാടുകടത്തി. സെപ്തംമ്പർ 25 ന് അദ്ദേഹം ജയിൽ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കൽക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1938 ല്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തി. 1939 ഗാന്ധി പക്ഷ സ്ഥാനാര്‍ഥിയായ പട്ടാഭി സീതാരാമയ്യ യെ തോല്‍പ്പിച്ച് ബോസ് വീണ്ടും കൊണ്ഗ്രെസ് പ്രസിഡന്റ്‌ പദവിയില്‍ എത്തി. എന്നാല്‍ താമസിയാതെ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. മഹാത്മഗാന്ധിയുമായിയുള്ള അഭിപ്രായ വ്യത്യാസം മൂലം ഒടുവില്‍ ബോസിന് രാജിവയ്‌ക്കേണ്ടി വന്നു.പ്രസിഡന്റ് പദവി ഒഴിഞ്ഞ് സ്വതന്ത്രനായി പുറത്തു വന്ന അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ നിലപാടുകളിലൂടെ സ്വാതന്ത്ര്യം നേടുക വളരെ ദുഷ്കരമാണെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് സായുധ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടുക എന്ന ആശയത്തിലേക്ക് ബോസ് എത്തുന്നതും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്‌ളോക്ക് എന്ന സംഘടന രൂപവത്കരിക്കുന്നതും. അതോടെ അദ്ദേഹം പൂര്‍ണമായും കോണ്‍ഗ്രസില്‍ നിന്നു പുറത്തായി എന്നു തന്നെ പറയാം.

സായുധ സമരം

രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനെതിരേ യുദ്ധം ചെയ്യാന്‍ അദ്ദേഹം സോവിയറ്റ് യൂണിയന്റെയും ജര്‍മനിയുടെയും ജപ്പാന്റെയും സഹായം തേടി. യൂറോപ്പിലെ ജർമൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്.

Photo 3ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘ പ്രത്യേക ഭാരത വകുപ്പ് ’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം ‘ (Free India Centre) അദ്ദേഹം സ്ഥാപിച്ചു. സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തിൽ രൂപവത്കരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവർണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) രൂപവത്കരിച്ചു.

ജപ്പാന്റെ സഹായത്തോടെ 1944-ൽ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപവത്കരിക്കപ്പെട്ടു. താൽക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുകയും ചെയ്തു.
മരണം ,അന്വേഷണം

1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം.നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇത് വരെ മൂന്നു കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്. 1956-ല്‍ പ്രധാനമന്ത്രി നെഹ്‌റു ബോസിന്റെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തി. മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍, നേതാജിയുടെ സഹോദരനായ സുരേഷ് ചന്ദ്രബോസ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ചീഫ് കമ്മീഷണര്‍ എസ്.എന്‍. മൈത്ര എന്നിവര്‍ അംഗങ്ങള്‍. നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്നു തന്നെ ഷാനവാസും മൈത്രയും അഭിപ്രായപ്പെട്ടു. എന്നാല്‍ സുരേഷ് ചന്ദ്രബോസ് യോജിച്ചില്ല.പിന്നീട് ഇന്ദിരാഗാന്ധി 1970-ല്‍ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.ഡി. ഖോസ്ല ഏകാംഗമായി ഒരു കമ്മീഷനെ നിയമിച്ചു.ഇരു കമ്മീഷനുകളും നേതാജി മരിച്ചതായി വിധി എഴുതി.

Monday, January 12, 2015

സ്വാമി വിവേകാനന്ദന്‍ ജന്മദിനം - ജനുവരി 12


1863 ജനവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. കൊല്‍ക്കത്തയില്‍ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥ് ദത്തയും വിദ്യാസമ്പന്നയും ഇതിഹാസ പുരാണാദികളില്‍ പണ്ഡിതയുമായ ഭുവനേശ്വരിയുമാണ് നരേന്ദ്രനാഥ് ദത്തയുടെ മാതാപിതാക്കള്‍. നരേന്ദ്രന്‍, നരേന്‍ എന്നൊക്കെ നരേന്ദ്രനാഥിനെ അടുപ്പമുള്ളവര്‍ വിളിച്ചു. കുട്ടിക്കാലത്തുതന്നെ സ്‌നേഹവും ദയയും ഹൃദയത്തിലേറ്റിയ നരേന്ദ്രന്‍ പാവപ്പെട്ടവര്‍ക്കും സന്ന്യാസിമാര്‍ക്കും കൈയിലുള്ളതെന്തും നല്‍കുന്ന സ്വഭാവക്കാരനായിരുന്നു. ഒരിക്കല്‍ കേട്ടതൊന്നും മറക്കാത്ത രീതിയില്‍ അപാരമായ ഓര്‍മശക്തി ബാല്യത്തിലേ നരേന്ദ്രനുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം നരേന്ദ്രനില്‍ ഉടലെടുത്തു. അതിനായി ശിവനെ ധ്യാനിക്കുക പതിവായി. അങ്ങനെ ഏകാഗ്രമായ ധ്യാനം കുട്ടിക്കാലത്തുതന്നെ നരേന്ദ്രനു സ്വന്തമായി.

Thursday, December 4, 2014

"ലിവിംഗ് ലെജന്റ് ഓഫ് ലോ"


ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദാര്‍ശനിക മുഖമായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 3.30നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബർ 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 15ന് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. പരേതയായ ശാരദയാണ് ഭാര്യ. രണ്ട് പുത്രന്മാരുണ്ട്. സംസ്കാരം നാളെ വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തിൽ നടക്കും.

1915 നവംബര്‍ 15ന് പാലക്കാട് വൈദ്യനാഥപുരം വി.വി. രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായാണ് കൃഷ്ണയ്യരുടെ ജനനം. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1952-ല്‍ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മന്ത്രിയായിരുന്ന അദ്ദേഹം 1968-ല്‍ ഹൈക്കോടതി ജഡ്ജിയും 1970ല്‍ ലാ കമ്മിഷൻ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഇക്കാലയളവില്‍ നാനൂറിലധികം വിധികളാണ് കൃഷ്ണയ്യർ പ്രഖ്യാപിച്ചത്.  പാവപ്പെട്ടവനു ജാമ്യം അന്യമാകരുതെന്ന് മോത്തീറാം കേസില്‍ വിധി പുറപ്പെടുവിച്ചു കൊണ്ട് കൃഷ്ണയ്യർ പറഞ്ഞു. ആ വിധിക്കു ശേഷമാണ് ജാമ്യ വ്യവസ്ഥകള്‍ ഉദാരമാക്കാൻ തുടങ്ങിയത്.
പട്ടിക ജാതിയില്‍പ്പെട്ടവരെ ജഡ്‌ജിമാരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, നിയമമന്ത്രി, ചീഫ്‌ ജസ്‌റ്റീസ്‌ എന്നിവർക്ക് കൃഷ്ണയ്യര്‍ എഴുതിയ കത്തുകള്‍ പ്രസിദ്ധമാണ്‌.

ഒരു രൂപ പോലും പ്രതിഫലം പറ്റാതെ നിരവധി കമ്മിഷനുകളുടെ അദ്ധ്യക്ഷനായും കൃഷ്‌ണയ്യര്‍ പ്രവര്‍ത്തിച്ചു. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട നിയമപരിഷ്‌കാര കമ്മിഷന്‍ വിപ്ലവകരമായ നിദ്ദേശങ്ങളാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

സംഗീതത്തിലും താല്‍പര്യമുള്ളയാളായിരുന്നു കൃഷ്ണയ്യര്‍. അണ്ണാമലൈ സർവകലാശാലയിൽ  പഠിക്കുന്ന കാലത്ത്‌ സംഗീതവിരുന്നുകളിലും പങ്കെടുത്തിരുന്നു. സംഗീതത്തിലും വീണവായനയിലും തൽപരയായിരുന്ന ഭാര്യ ശാരദയിൽ നിന്ന് വീണവായന അഭ്യസിച്ചിട്ടുണ്ട് കൃഷ്ണയ്യര്‍.  പുലർച്ചെ നാലു മണിക്ക് ഉണര്‍ന്ന് വീണവായിക്കുമായിരുന്നു അദ്ദേഹം. ഭാര്യയുടെ മരണത്തോടെയാണ് ആ പതിവ് നിർത്തിയത്. 

നൂറ്റിയഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നീതിന്യായം, നിയമം എന്നീ മേഖലയില്‍പ്പെടുന്നവയാണ് ഭൂരിഭാഗവും. വാണ്ടറിംഗ് ഇന്‍ മെനി വേള്‍ഡ്സ് (Wandering in Many Worlds)​ എന്നതാണ് കൃഷ്ണയ്യരുടെ ആത്മകഥ. ''ലൈഫ് ആഫ്‌റ്റര്‍ ഡെത്ത് " എന്ന കൃതിയും ശ്രദ്ധേയമാണ്.

സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ്,​ ശ്രീ ജഹാംഗീർ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികൾ കൃഷ്ണയ്യർക്ക് ലഭിച്ചിട്ടുണ്ട്. 1995-ൽ ഇന്റര്‍നാഷണല്‍ ബാർ കൗണ്‍സില്‍,​ കൃഷ്ണയ്യരെ  "ലിവിംഗ് ലജന്‍ഡ് ഒഫ് ലാ" (Living Legend Of Law) എന്ന ബഹുമതി നല്‍കി ആദരിച്ചു. 1999ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. റഷ്യന്‍ സര്‍ക്കാര്‍ "ഓര്‍ഡര്‍ ഒഫ് ഫ്രണ്ട്ഷിപ്പ്'' അവാർഡും നല്‍കി ആദരിച്ചു.  

കൊട്ടോടി സ്കൂളിന്റെ ആദരാഞ്ജലികള്‍.....

Wednesday, November 12, 2014

സാലിം അലി ജന്മ ദിനം - പക്ഷിനിരീക്ഷണ മത്സരം



കൊട്ടോടി സ്കൂള്‍ ശാസ്ത്ര ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായി സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് പക്ഷി നിരീക്ഷണ മത്സരം സംഘടിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത് :
1.നിങ്ങളുടെ വീടിന്റെ പരിസരത്ത് കാണുന്ന പക്ഷികളെ നരീക്ഷിക്കുക.(നവംബര്‍   11,12,13 തീയതികളില്‍)
2.അതിന്റെ പേരും പ്രത്യേകതകളും മുതിര്‍ന്നവരോട് ചോദിച്ച് മനസ്സിലാക്കുക.
3.അതിന്റെ ആഹാരരീതികള്‍ മനസ്സിലാക്കുക.
4.അതിന്റെ ശാസ്ത്രനാമം റഫറന്‍സ് പുസ്തകം നോക്കി കണ്ടെത്തുക.സ്കൂള്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്.
5.കഴിയുമെങ്കില്‍ നിരീക്ഷിച്ച പക്ഷിയുടെ ഫോട്ടോയെടുക്കുക.
6.കുറിപ്പ് തയ്യാറാക്കി ശാസ്ത്ര ക്ലബ്ബിനെ ഏല്‍പ്പിക്കുക.
മികച്ച കുറിപ്പിന് സമ്മാനം ലഭിക്കുന്നതായിരിക്കും
നിങ്ങളുടെ കുറിപ്പുകള്‍ സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ശാസ്ത്രക്ലബ്ബ്,ജി.എച്ച്.എസ്.എസ്.കൊട്ടോടി.

സാലിം അലി ജന്മദിനം - നവംബര്‍ 12

 ദി ബേഡ് മാന്‍ ഓഫ് ഇന്ത്യ                                      
പക്ഷിനിരീക്ഷണം എന്ന വാക്ക്‌ കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക്‌ എത്തുക സാലിംഅലിയെന്ന മനുഷ്യസ്നേഹിയുടെ പേരായിരിക്കും. ക്ഷമാശീലവും കഠിന പ്രയത്‌നവും കൈമുതലാക്കി ജീവിതത്തിലെ പല പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ്‌ സാലിംഅലി ലോകമറിയുന്ന പക്ഷിനിരീക്ഷണശാസ്‌ത്രജ്ഞനായത്‌. 'ബേഡ്‌മാന്‍ ഓഫ്‌ ഇന്ത്യ' എന്ന അപരനാമത്തില്‍ അറിയുന്ന സാലിം അലി.1896-നവംബര്‍ മാസം12-ന്‌ മുംബൈയില്‍ ജനിച്ചു. മുഴുവന്‍പേര്‌ സാലിം മൊയിസുദ്ദീന്‍ അബ്‌ദുള്‍ അലി.ഇന്ത്യയില്‍ ചിട്ടയായ പക്ഷിനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തിയും സാലിംഅലി തന്നെ. പക്ഷികളെക്കുറിച്ചും പക്ഷി നിരീക്ഷണത്തെക്കുറിച്ചും എഴുതിയ പുസ്‌തകങ്ങള്‍ വിജ്ഞാനകുതുകികള്‍ ഇന്നും റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്‌.
അമ്മാവനായ അമറുദ്ദീന്‍ തിയാബ്‌ജിയോടൊപ്പമാണ്‌ ബാല്യകാലം ചിലവിട്ടത്‌. മുംബൈ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജില്‍ ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും ഗണിതത്തിലെ ബീജഗണിതത്തോടും ലോഗരിതം കണക്കു കൂട്ടലുകളോടും പൊരുത്തപ്പെടാനാകാതെ കോളേജ്‌ വിദ്യാഭ്യാസം ഇടയ്‌ക്കു വച്ച്‌ അവസാനിപ്പിച്ചു. ഇതിനുശേഷം ബര്‍മ്മയിലേയ്‌ക്ക്‌ വണ്ടി കയറി. അവിടെ ഖനന - തടി വ്യവസായങ്ങളിലേര്‍പ്പെട്ടിരുന്ന സഹോദരനെ സഹായിക്കുകയായിരുന്നു ഉദ്ദേശ്യം. ബര്‍മ്മയിലെ ജോലി സ്ഥലത്തുണ്ടായിരുന്ന ചെറിയ വനപ്രദേശം സാലിംഅലിയിലെ പക്ഷിസ്‌നേഹിയെ വീണ്ടുമുണര്‍ത്തി. അധികനാള്‍ അവിടെ നിന്നില്ല. മുംബൈയില്‍ തിരിച്ചെത്തി.ജീവശാസ്‌ത്ര പഠനത്തിലേര്‍പ്പെട്ടു. ബൊംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ മ്യൂസിയത്തില്‍ വഴികാട്ടിയായുള്ള ജോലി നോക്കി.ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൈസൈറ്റി സെക്രട്ടറിയായിരുന്ന ഡബ്ലൂ. എസ്‌. മില്‍മാര്‍ഡാണ്‌ ഗൗരവമായ പക്ഷി നിരീക്ഷണം സാലിം അലിയെ മനസിലാക്കി കൊടുത്തതും വേണ്ട സഹായങ്ങള്‍ ചെയ്‌തതും.

പക്ഷിനിരീക്ഷണത്തില്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ ജര്‍മ്മനിയിലേയ്‌ക്ക്‌ പുറപ്പെട്ടു. പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രോസ്‌മാന്റെ കീഴില്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം നടത്തിയശേഷം പക്ഷെ തിരികെ ഇന്ത്യയിലേയ്‌ക്ക്‌ എത്തിയപ്പോള്‍ നേരത്തെ ജോലി ചെയ്‌തിരുന്ന പോസ്റ്റ്‌ പോലും നിര്‍ത്തലാക്കിയിരുന്നു. ഇതിനിടെ അകന്ന ബന്ധുവായ തെഹ്‌മിനയെ ജീവിതസഖിയാക്കിക്കഴിഞ്ഞിരുന്നതിനാല്‍ ചെറിയൊരു തൊഴിലെങ്കിലും ഉണ്ടാകേണ്ടത്‌ അനിവാര്യമായി. ശാസ്‌ത്ര വിഷയത്തില്‍ ബിരുദാനന്തരബിരുദമോ ഗവേഷണബിരുദമോ ഇല്ലാതിരുന്നതിനാല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയില്‍ ജോലിതേടിയെങ്കിലും ലഭിച്ചില്ല. ഭാര്യയോടൊപ്പം മുംബൈതീരത്തുള്ള കിഹ്‌മില്‍ താമസമാക്കി. ഭാര്യയുടെ ചെറിയ തൊഴിലില്‍നിന്നുള്ളവരുമാനമായിരുന്നു പ്രധാന സാമ്പത്തികാശ്രയം. താമസസ്ഥലത്തിനടുത്തുള്ള വ്യക്ഷത്തില്‍ തുന്നല്‍ക്കാരന്‍പക്ഷികള്‍(weaver birds) കൂടുകൂട്ടുന്നതും മറ്റും സാലിംഅലി ശ്രദ്ധയോടെ വീക്ഷിച്ചു. കുറച്ചു മാസത്തെ ക്ഷമാപൂര്‍ണമായ നിരിക്ഷണത്തിനൊടുവില്‍ തുന്നല്‍ക്കാരന്‍ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കി. ഇത്‌ സലിംഅലിയെ പൊതുജനശ്രദ്ധയിലേക്കെത്തിച്ചു.റോക്കറ്റ്‌ വാലുള്ള പക്ഷിയെയും ഫിന്‍സ്‌ബായ പക്ഷിയെയും നിരീക്ഷിച്ചത്‌ സാലിം അലിയുടെ പക്ഷിനിരീക്ഷണത്തെ കൂടുതല്‍ മികവുള്ളതാക്കി. ഫിന്‍സ്‌ബായ നൂറുവര്‍ഷങ്ങള്‍ക്ക്‌ മുന്നേ വംശനാശം വന്ന ജാതിയാണെന്ന പൊതുവിശ്വാസത്തെയാണ്‌ സാലിം അലിയുടെ നിരീക്ഷണം പൊളിച്ചെഴുതിയത്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നാടോടിയെ പോലെ അലഞ്ഞ്‌ തിരിഞ്ഞ്‌ പക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. 1939-ല്‍ ഭാര്യയുടെ മരണം പിന്നീടുള്ള യാത്രകളില്‍ സലിം അലിയെ ഏകനാക്കി.

1941-ല്‍ ദി ബുക്ക്‌ ഓഫ്‌ ഇന്ത്യന്‍ ബേഡ്‌സ്‌ പ്രസിദ്ധീകരിച്ചു. ഇതോടെ സലിം അലിയുടെ പ്രതിഭ കൂടുതല്‍ അംഗീകരിക്കപ്പെട്ടു. പക്ഷിനിരീക്ഷണത്തിനായി അഫ്‌ഗാനിസ്ഥാന്‍ ദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സിഡ്‌നി ദില്ലന്‍ റിപ്ലറുമായി ചേര്‍ന്നെഴുതിയ ഹാന്‍ഡ്‌ ബുക്ക്‌ ഓഫ്‌ ദി ബേഡ്‌സ്‌ ഇന്‍ ഇന്ത്യ ആന്‍ഡ്‌ പാകിസ്ഥാന്‍ പത്തു വാല്യങ്ങളുള്ള സമഗ്രമായ ആധികാരിക ഗ്രന്ഥമായിരുന്നു. നാഷണല്‍ ബുക്‌ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ച കോമണ്‍ ഇന്ത്യന്‍ ബേഡ്‌സ്‌ ആല്‍ബവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പക്ഷിനീരീക്ഷണവുമായി ബന്ധപ്പെട്ട്‌ കേരളവും സാലിം അലി സന്ദര്‍ശിച്ചു ഒപ്പം കേരളത്തിലെ പക്ഷികളെ കുറിച്ച്‌ ബേഡ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ എന്ന പുസ്‌തകവും സാലിം അലി രചിച്ചിട്ടുണ്ട്‌. ഭരത്‌പൂര്‍ പക്ഷിസങ്കേതവും, സൈലന്റ്‌ വാലി ദേശീയോദ്യാനവും സാക്ഷാത്‌കരിക്കുന്നതിനു പിന്നിലും സാലിം അലിയുടെ ശ്രദ്ധ പതിഞ്ഞു.

1976-ല്‍ പദ്‌മവിഭൂഷണ്‍ ബഹുമതി ലഭിച്ചു. 1958-ല്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ഓര്‍ണിത്തോളജിയില്‍ (പക്ഷിവിജ്ഞാനീയം) നാഷണല്‍ പ്രൊഫസര്‍ എന്ന പദവി. ഒട്ടേറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റുകള്‍ നല്‍കി ആദരിച്ചു. 1985 രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായി. 1987 ജൂലൈ 27-ം തീയതി പക്ഷികളുടെ കൂട്ടുകാരനും പ്രകൃതി സ്‌നേഹിയുമായ ഈ ശാസ്‌ത്രജ്ഞന്‍ അന്തരിച്ചു. കോയമ്പത്തൂര്‍ കേന്ദ്രമാക്കിയുള്ള സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ്‌ നാഷണല്‍ ഹിസ്റ്ററി (SACON) ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകെള്ളുന്ന സ്ഥാപനമാണ്‌.
ശാസ്ത്രക്ലബ്ബ് ജി.എച്ച് എസ്.എസ്.കൊട്ടോടി

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...