ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ആചരിക്കുന്ന ഭൗമമണിക്കൂര്‍ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ നടക്കും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്‍െറ (ഡബ്ള്യു.ഡബ്ള്യു.എഫിന്‍െറ) ആഹ്വാനമനുസരിച്ച് ലൈറ്റുകളും മറ്റ് വൈദ്യുതോപകരണങ്ങളും ഒരു മണിക്കൂര്‍ നേരത്തേക്ക് ഓഫ് ചെയ്ത് ലോകജനത ഭൂമിയുടെ സംരക്ഷണത്തിനായി അണിചേരും.
‘ഒരു മണിക്കൂര്‍ സ്വിച്ച് ഓഫ് ചെയ്യുക, നല്ല നാളേക്കായി പരിസ്ഥിതിസൗഹൃദ ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഈ വര്‍ഷം സംഘടിപ്പിക്കുന്ന പരിപാടികളില്‍ കഴിയുന്നത്ര വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്ത് എല്ലാ മലയാളികളും സഹകരിക്കുക.
പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പ്, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഭൗമ മണിക്കൂറും അനുബന്ധ പരിപാടികളും നടക്കുന്നത്. ഇതിലൂടെ 160 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. വിപുലമായ പ്രചാരണ പരിപാടികളാണ് ഭൗമ മണിക്കൂറിനോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
2004ലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭൗമ മണിക്കൂറിന് ആദ്യമായി ആരംഭിച്ചു തുടങ്ങിയത്.പിന്നീട് 2007ല്‍ ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് തുടങ്ങിവച്ച കാമ്പെയിനിലൂടെയാണ് ഭൗമ മണിക്കൂര്‍ ശ്രദ്ധേയമായത്.