Tuesday, August 12, 2014

സുവര്‍ണജീവികള്‍

സുവര്‍ണജീവികളുടെ ഗണത്തിലേക്ക് ഒരു വവ്വാല്‍ കൂടി


 തെക്കേയമേരിക്കയില്‍ ബൊളീവിയയില്‍ മാത്രം കാണപ്പെടുന്ന സുവര്‍ണനിറത്തിലുള്ള വവ്വാല്‍ പുതിയൊരു സ്പീഷീസാണെന്ന് കണ്ടെത്തല്‍. ഇതോടെ, ഭൂമുഖത്തെ സുവര്‍ണജീവികളുടെ ഗണത്തിലേക്ക് വവ്വാലുകളും എത്തി.

തെക്കേയമേരിക്കയില്‍ കാണപ്പെടുന്ന 'മയോറ്റിസ് സിമുസ്' ( Myotis simus ) എന്ന വവ്വാല്‍ വര്‍ഗത്തിലാണ് ഇതുവരെ സുവര്‍ണവവ്വാലുകളെയും ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍, ഈ ജീവികള്‍ 'മയോറ്റിസ് മിഡസ്റ്റാക്ടസ്' ( Myotis midastactus ) എന്ന പുതിയ സ്പീഷീസിലാണ് പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ബ്രസീലിയന്‍ വന്യജീവി ഗവേഷകനായ റിക്കാര്‍ഡോ മൊറാട്ടെല്ലിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ്, സുവര്‍ണവവ്വാല്‍ പുതിയ ഇനമാണെന്ന് കണ്ടെത്തിയത്. മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്‌പെസിമനുകള്‍ പരിശോധിച്ചായിരുന്നു പഠനം.

ഈ വവ്വാലിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സുര്‍വണനിറം തന്നെയാണ്. എലിച്ചെവിയുള്ള വവ്വാലുകളുടെ കുടുംബമായ 'മയോറ്റിസി'ലാണ് ഇതുള്‍പ്പെടുന്നത്. ലോകത്താകമാനം ഈ കുടുംബത്തില്‍പെട്ട നൂറോളം ഇനം വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ട്.

ബൊളീവിയയിലെ സാവന്ന മേഖലയിലാണ് സുവര്‍ണവവ്വാലുകള്‍ ജീവിക്കുന്നത്. ചെറുപ്രാണികളെ തിന്ന് ജീവിക്കുന്ന ഇവ, പകല്‍നേരത്ത് മാളങ്ങളിലും മരങ്ങളുടെ പൊത്തുകളിലും മേല്‍ക്കൂരകള്‍ക്ക് കീഴിലും കഴിയുന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 'ഒസ്‌വാല്‍ഡോ ക്രൂസ് ഫൗണ്ടേഷനി'ലെ ഡോ.മൊറാട്ടെല്ലിക്കൊപ്പം, വാഷിങ്ടണില്‍ സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷനിലെ ഡോ.ഡോണ്‍ വില്‍സണും ചേര്‍ന്നാണ് പുതിയ സ്പീഷീസിനെ വിശദീകരിച്ചത്. പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ് മാമലോളജി'യില്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയിലും ബ്രസീലിലുമുള്ള മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള 27 സ്‌പെസിമനുകള്‍ വിശകലനം ചെയ്തായിരുന്നു പഠനം. ഡോ. മൊറാട്ടെല്ലി വിശദീകരിക്കുന്ന അഞ്ചാമത്തെ വവ്വാലിനമാണിത്.

 സുവര്‍ണവവ്വാല്‍. ചിത്രം കടപ്പാട് : Dr. Marco Tschapka



കൂടുതല്‍ സുവര്‍ണജീവികളെപ്പറ്റി അറിയണ്ടെ ?


സുവര്‍ണ തവള



(സുവര്‍ണ തവള. കടപ്പാട് : Wikipedia)
കോസ്റ്റാറിക്കയിലെ മോന്റെവെര്‍ഡെ മേഖലയില്‍ വെറും പത്ത് ചതുരശ്രകിലോമീറ്റര്‍ വനപ്രദേശത്ത് മാത്രം കണ്ടിരുന്ന വിശിഷ്ടമായ ഒരു ജീവിവര്‍ഗമാണ് 'സുവര്‍ണ തവള' ( Golden Toad - Bufo periglenes ). ഇന്ന് ഈ ജീവിവര്‍ഗം ഭൂമിയില്‍ അവശേഷിക്കുന്നില്ല.

1989 ലാണ് ഈ ജീവിയെ ഏറ്റവുമൊടുവില്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോളതാപനത്തിന്റെ ഫലമായി ആ വനമേഖലയിലെ ഈര്‍പ്പത്തിലുണ്ടായ കുറവാണ് സുവര്‍ണ തവളയുടെ അന്ത്യംകുറിച്ചതെന്ന് കരുതുന്നു. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ ആദ്യജീവിയാണ് സുവര്‍ണ തവള. (കടപ്പാട് : നാഷണല്‍ ജ്യോഗ്രഫിക്)

സ്വര്‍ണമത്സ്യം



ശുദ്ധജലത്തിലും കടല്‍വെള്ളത്തിലും കഴിയുന്ന ഒട്ടേറെ മത്സ്യങ്ങള്‍ക്ക് സ്വര്‍ണനിറമുണ്ട്. എങ്കിലും, അലങ്കാരമത്സ്യമായി ഉപയോഗിക്കുന്ന സ്വര്‍ണമത്സ്യത്തെ ( Goldfish - Carassius auratus auratus ) ആണ് കുടുതലാള്‍ക്കും പരിചിതം.

ശുദ്ധജല മത്സ്യമായ 'ഗോള്‍ഡന്‍ ഡൊറാദോ' ( golden dorado ), കടല്‍വെള്ളത്തില്‍ ജീവിക്കുന്ന 'മഹി-മഹി' ( mahi-mahi (Coryphaena hippurus)) ഒക്കെ സ്വര്‍ണനിറമുള്ള മത്സ്യങ്ങളാണ്.

സുവര്‍ണവണ്ടുകള്‍

കോസ്റ്റാ റിക്കയില്‍ കാണപ്പെടുന്ന സുവര്‍ണവണ്ടുകള്‍ ( Jewel Scarabs ) ക്രിസിയാന ( Chrysina ) ജനസില്‍പെടുന്ന ജീവികളാണ്. വണ്ടിന്റെ പുറംപാളിയിലെ അടരുകളുടെ സവിശഷ ക്രമീകരണം വഴിയാണ്, ഇവയ്ക്ക് സ്വര്‍ണനിറം വരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണ വിഷത്തവള



മറ്റൊരു തെക്കേയമേരിക്കന്‍ സ്വദേശിയാണ് 'ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് ഫ്രോഗ്' ( Golden Poison Dart Frog þ Phyllobates terribilis ) എന്ന സ്വര്‍ണ വിഷത്തവള.

സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടകാരിയായേക്കാവുന്ന ജീവിയാണിത്. ഇതിന്റെ ത്വക്കിലുള്ള കൊടുംവിഷം സിരാവ്യൂഹം, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കും. കൊളംബിയയിലെ പ്രാചീനഗോത്രവര്‍ഗക്കാര്‍ അമ്പുകളില്‍ പുരട്ടാനുപയോഗിക്കുന്ന വിഷം ഈ തവളകളുടെ ത്വക്കില്‍നിന്നാണെടുക്കുന്നത്.

സുവര്‍ണ കുരങ്ങന്‍


ബ്രസീലിലെ തീരദേശ വനമേഖലകള്‍ നശിച്ചപ്പോള്‍ വംശനാശഭീഷണിയിലായ ഒരു വര്‍ഗമാണ് സുവര്‍ണ കുരങ്ങന്‍ ( Golden Lion Tamarin þ Leontopithecus rosalia ). വംശനാശഭീഷണി നേരിടുന്ന വര്‍ഗങ്ങളിലാണ് ഐ.യു.സി.എന്‍ ഈ കുരങ്ങുവര്‍ഗത്തെയും പെടുത്തിയിട്ടുള്ളത്. 

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...