Sunday, September 21, 2014

" ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം "


ചെറിയ ഒരു ഓര്‍മപിശകില്‍നിന്നുമുള്ള തുടക്കം. പിന്നെ മറവിയുടെ ലോകത്തേക്ക്‌. സംസ്‌ഥാനത്ത്‌ ഓര്‍മകളെ തട്ടിയെടുക്കുന്ന അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നു. അല്‍ഷിമേഴ്‌സ് ആന്റ്‌ റിലേറ്റഡ്‌ ഡിസ്‌ ഓര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ്‌ ഇന്ത്യ എന്ന സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ സംസ്‌ഥാനത്ത്‌ രണ്ടുലക്ഷം രോഗബാധിതരാണുള്ളത്‌. അടുത്ത പതിനഞ്ച്‌ വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടുണ്ട്‌.


ലോകത്താകമാനം നാലര കോടി അല്‍ഷിമേഴ്‌സ് രോഗികളുണ്ടെന്നാണു കണക്ക്‌. 65 വയസു കഴിഞ്ഞവരില്‍ പത്ത്‌ ശതമാനം പേര്‍ക്കും, 80 കടന്നവരില്‍ 50 ശതമാനത്തിനും അല്‍ഷിമേഴ്‌സ് കണ്ടുവരുന്നുണ്ട്‌. 1906 നവംബറില്‍ നടന്ന ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സിലാണ്‌ ജര്‍മ്മന്‍കാരനായ ഡോ. അലോയ്‌സ് അല്‍ഷീമര്‍ ആദ്യമായി ഈ രോഗത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌. അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക്‌ പഴയ ഓര്‍മ്മകള്‍ മനസില്‍ത്തന്നെ കിടക്കും. അതേസമയം തിരിച്ചറിവ്‌, സംസാരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. പെട്ടെന്ന്‌ ദേഷ്യപ്പെടുക, വീഴാന്‍ തുടങ്ങുക, ക്ഷീണം എന്നിവയും കണ്ടു വരുന്നു.

രോഗത്തിന്റെ പൊതുവായ പ്രകടിതരൂപം ബുദ്ധിഭ്രംശമാണ്‌. ഹോങ്കോങ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. പ്രതിവര്‍ഷം 7.7 ദശലക്ഷം അല്‍ഷിമേഴ്‌സ് രോഗികള്‍ ഉണ്ടാകുന്നു. 2010 ലെ കണക്കനുസരിച്ച്‌ 35.6 ദശലക്ഷം പേരാണ്‌ അല്‍ഷിമേഴ്‌സ് രോഗികളായി ലോകത്ത്‌ ഉണ്ടായിരുന്നത്‌. ഓരോ നാല്‌ നിമിഷത്തിലും ലോകത്ത്‌ ഓരോ അല്‍ഷിമേഴ്‌സ് രോഗികള്‍ ഉണ്ടാകുന്നുണ്ട്‌. മനുഷ്യരില്‍ ഓര്‍മകളുടെ താളം തെറ്റിക്കുകയും പീന്നീട്‌ സാവധാനത്തില്‍ ഓര്‍മകളെ മുഴുവന്‍ കാര്‍ന്നെടുക്കുകയും ചെയ്യുന്ന ഡിമന്‍ഷ്യ അഥവ മേധാക്ഷയം എന്ന രോഗത്തിന്റെ മറ്റൊരു രൂപമാണ്‌ അല്‍ഷിമേഴ്‌സ്. പ്രാരംഭദശയില്‍ രോഗം കണ്ടെത്തിയാല്‍ 10-14 ശതമാനം രോഗികളേയും ചികില്‍സിച്ച്‌ ഭേദമാക്കാം.

വാര്‍ദ്ധക്യത്തിലാണ്‌ ഭൂരിഭാഗം ആളുകളിലും ഓര്‍മകുറവ്‌ കണ്ടെത്തുന്നതെങ്കിലും രണ്ട്‌ ശതമാനത്തോളം ആളുകളില്‍ മധ്യവയസ്‌കരാകുന്നതോടും കൂടി തന്നെ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. ദൈനംദിന ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും പൂര്‍ണമായ പരസഹായം അല്‍ഷിമേഴ്‌സ് രോഗിയ്‌ക്ക് ആവശ്യമാണ്‌.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഴുപത്താറ്‌ അല്‍ഷിമേഴ്‌സ് ഘടകങ്ങളുടെ കൂട്ടായ്‌മയായ അല്‍ഷിമേഴ്‌സ് ഡിസീസ്‌ ഇന്റര്‍ നാഷണലാണ്‌ ലോക അല്‍ഷിമേഴ്‌സ് ദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

തലച്ചോറിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന അവസ്‌ഥയാണ്‌ അല്‍ഷിമേഴ്‌സ് രോഗം. വൈദ്യശാസ്‌ത്രത്തില്‍ ചികിത്സയില്ല എന്നതാണ്‌ അല്‍ഷിമേഴ്‌സ് രോഗം നേരിടുന്ന പ്രധാന വെല്ലുവിളി. മസ്‌തിഷ്‌കത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളിലൂടെയും അല്‍ഷിമേഴ്‌സ് രോഗം പിടിപെടാം. ഓര്‍മയുടെ ചിറകുകള്‍ കരിഞ്ഞു പോയ മുപ്പത്‌ കോടിയോളം ജനങ്ങള്‍ നിസഹായരായി നമുക്കിടയില്‍ ജീവിക്കുന്നുണ്ട്‌.





No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...