വേനല്‍ക്കാലത്തും വേനല്‍മഴയെ തുടര്‍ന്നും പടര്‍ന്നുപിടിക്കുന്ന
രോഗങ്ങളിലൊന്നാണ് ചെങ്കണ്ണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി ചെങ്കണ്ണ് രോഗം
പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. നേത്രപടലത്തില്‍ ഉണ്ടാകുന്ന
അണുബാധയാണ് രോഗകാരണം. ഗുരുതരമായ ഒരു രോഗമല്ലെങ്കിലും നാലു ദിവസം മുതല്‍
ഒരാഴ്ചവരെ ജോലിയെയും പഠനത്തെയും വായന, ടെലിവിഷന്‍ കാണല്‍ എന്നിവയെയും ഇത്
ബാധിക്കുന്നു. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ്
പടര്‍ന്നുപിടിക്കാറെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധ മൂലവും ഈ രോഗം
കണ്ടുവരുന്നു.
ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും ഉടന്‍തന്നെ അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണിന് കടുത്ത ചുവപ്പുനിറം, മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും ഉടന്‍തന്നെ അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണിന് കടുത്ത ചുവപ്പുനിറം, മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രം
ബാധിച്ചേക്കാം. പീളകെട്ടലും കുറവാകും. അതേസമയം, കണ്‍പോളകള്‍ നീരുവന്ന്
വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം
നീണ്ടുനില്‍ക്കുകയും ചെയ്യും.
ഒട്ടും ഭയപ്പെടേണ്ട ഒരു അസുഖമല്ല ഇതെങ്കിലും ചെങ്കണ്ണുരോഗം വന്നാല്‍
സ്വയം ചികിത്സ അരുത്. ഒരു നേത്രരോഗ വിദഗ്ധനെ സമീപിച്ച് രോഗം
ഉറപ്പുവരുത്തണം. എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍
വീട്ടില്‍ ഒരംഗത്തിന് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍
സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ സ്കൂളില്‍
വിടരുത്.
രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പര്‍ശനമേറ്റ
വസ്തുക്കള്‍ വഴിയുമാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട,
കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്ബേസിനിലെ ടാപ്പ്,
സോപ്പ്, കുളിമുറിയില്‍ ഉപയോടിക്കുന്ന തോര്‍ത്തുമുണ്ട്, ടെലിവിഷന്‍
റിമോട്ട് കണ്‍ട്രോള്‍, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത
വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു. രോഗിയുടെ
കണ്ണുകളിലേക്ക് നോക്കുന്നതുമൂലം ഒരിക്കലും രോഗം പകരില്ല.
രോഗം പിടിപെട്ടാല്‍ കണ്ണുകള്‍ ചൊറിയുകയും കണ്ണില്‍ കരടുപോയപോലെ
തോന്നുകയും ചെയ്യുമെങ്കിലും കണ്ണുകള്‍ തിരുമ്മരുത്. ഇങ്ങനെ ചെയ്യുമ്പോള്‍
പഴുപ്പ് ബാധിച്ച നേത്രപടലത്തിന് പോറലേല്‍ക്കുകയും കണ്ണുകള്‍ കൂടുതല്‍
ചുവക്കുകയും ചെയ്യും. രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ പീളകെട്ടി
കണ്‍പോളകള്‍ ഒട്ടിപ്പിടിച്ച നിലയിലാണെങ്കില്‍ ബലംപ്രയോഗിച്ച്
വലിച്ചുതുറക്കാന്‍ ശ്രമിക്കരുത്. പകരം ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍
കഴുകുകയോ വൃത്തിയുള്ള പഞ്ഞിയോ തുണിയുടെ കഷണമോ നനച്ച് കണ്ണുകള്‍ക്ക്
മുകളില്‍ കുറച്ചുനേരം വെക്കുകയും പീള കുതിര്‍ന്നശേഷം കണ്ണുകള്‍ പതുക്കെ
തുറക്കുകയും വേണം.
കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍
പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറക്കുകയും ചെയ്യും.
രോഗബാധയുള്ളവര്‍ക്ക് വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസമാണെങ്കില്‍
കറുത്ത കണ്ണട ഉപയോഗിക്കാവുന്നതാണ്. രോഗം ബാധിച്ചാല്‍ കണ്ണിന് പരിപൂര്‍ണ
വിശ്രമമാണാവശ്യം. വായന പൂര്‍ണമായി ഒഴിവാക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗവും
ടി.വി കാണലും ഉപേക്ഷിക്കുകയും വേണം. വെയില്‍ കൊള്ളുന്നതും
അടുപ്പില്‍നിന്നും മറ്റുമുള്ള ചൂടേല്‍ക്കുന്നതും ഒഴിവാക്കണം.
രോഗാണു ബാധ മൂലമല്ലാതെ അലര്‍ജിയെ തുടര്‍ന്നും ചെങ്കണ്ണ് ഉണ്ടാകാം. ചില
രാസവസ്തുക്കള്‍ കണ്ണിലായാലും ചെങ്കണ്ണ് പോലെ കണ്ണുകള്‍ ചുവന്ന്
തടിക്കാനിടയുണ്ട്. കണ്ണുനീര്‍ ഗ്രന്ഥികളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം
കണ്ണുകളില്‍ ജലാംശം കുറഞ്ഞാലും കണ്ണുകള്‍ ചുവന്നേക്കാം. എന്നാല്‍,
ഇത്തരത്തിലുണ്ടാകുന്ന അസുഖം മറ്റുള്ളവര്‍ക്ക് പകരാറില്ല.
സ്കൂള്‍ ആരോഗ്യക്ലബ്ബ് ,കൊട്ടോടി.
No comments:
Post a Comment