Wednesday, November 19, 2014

ഒരു ശിശുദിനം കൂടി പുലരുമ്പോള്‍.......!

                              ഒരു ശിശുദിനം കൂടി പുലരുമ്പോള്‍.......!
പൊട്ടിപുറപ്പെടുന്നതിനു മുമ്പേ
വറ്റിവരണ്ടു പോയൊരു
പുഴയാണു ഞാന്‍ !
അമ്മ തന്‍ ഗര്‍ഭപാത്രത്തിന്‍ ചൂടും പറ്റി            
ഒരു പുലരിയെ സ്വപ്‌നം കണ്ട ഞാന്‍
എന്‍ മാതൃഹൃദയം തന്നെ
എന്‍ ജീവന്റെ അന്തകനുമായി !
        പിന്നെ,
               പലരിലും ഞാന്‍ കണ്ടു
              എന്നെ, പല പല രൂപത്തില്‍
              ഭാവത്തില്‍, വേഷത്തില്‍......
അച്ഛനാരമ്മയാരെന്നറിയാത്തൊ-
രെന്‍ സോദരങ്ങളില്‍
അറിഞ്ഞിട്ടും അറിയപ്പെടാനാവാത്ത
മേല്‍വിലാസത്തിന്നുടമകള്‍ !
അച്ഛനും അമ്മയ്ക്കും തന്നെ ഭാരമായിട്ടുള്ളോര്‍ !
ഭാരമാണന്നറിഞ്ഞിട്ടും ജീവിതഭാരം പേറാന്‍
വിധിക്കപ്പെട്ടവര്‍ !
പിന്നെയും,
ഞാന്‍ കണ്ടു, എന്നെ
ജീവിത വഴിയാത്രയില്‍,
പല പല രൂപത്തില്‍
ഭാവത്തില്‍, വേഷത്തില്‍.....
സ്വന്തം താതന്റെ, സോദരന്റെ
കാമമുനയുള്ള കണ്ണുകളില്‍ നിന്ന്                          
ഉഴറി മാറാനാവാതെ പേടിച്ചരണ്ട്..
     സ്വന്തം അമ്മതന്‍ ഒത്താശയാല്‍,
     കാമവെറി പൂണ്ട
     കഴുകന്‍മാരുടെ കൈകളില്‍
     പിടയുന്നൊരെന്‍ പിഞ്ചുബാല്യത്തെ..
അറിവും അക്ഷരവു-
മോതിത്തന്നൊരെന്‍ ഗുരുനാഥന്‍,
എന്നിലെ അറിവിന്റെ
മാനങ്ങള്‍ തെരഞ്ഞതും
"അക്ഷരമഗ്നിയാണ്, അഭിമാനമാണ്
ഉള്ളില്‍ നിറയ്ക്കുക
അക്ഷരാഗ്നി”, എന്ന്
ചൊല്ലിപഠിപ്പിച്ചൊരെന്‍
ഗുരുനാഥന്‍ തന്നെ, പിന്നെ-
യെന്നാത്മാഭിമാനത്തിന്റെ
ചിറകുകള്‍ അഗ്നിയിലെരിച്ചതും..
 പിന്നെയും,
         കണ്ടു, ഞാനെന്നെ
         പല പല രൂപത്തില്‍
         ഭാവത്തില്‍, വേഷത്തില്‍...
ചിതറിയ മുടിയും ഇടറിയ മനവും
വാടിയ മുഖവുമായിട്ടാ-
ത്തെരുവോര ബാല്യങ്ങളില്‍,                                  
വഴിയോരങ്ങളില്‍,
                                                          നൊന്തുപ്രസവിച്ചോരമ്മയ്ക്കും വേണ്ടാതെ
റെയില്‍വേപ്പാളങ്ങളില്‍,
കുറ്റിക്കാട്ടില്‍, പിന്നെ
കക്കൂസിന്‍ ക്ലോസ്സററിലും !
പെണ്ണായി പിറന്നെന്നൊ-
രൊറ്റ കുറ്റം കൊണ്ട്
നൊന്തുപെറ്റ തന്നമ്മയും കാണും മുമ്പേ,
ദല്ലാളാല്‍ വില്‍ക്കപ്പെട്ടവള്‍ !
പിന്നെയും,
         കണ്ടു, ഞാനെന്നെ
         പല പല രൂപത്തില്‍
         ഭാവത്തില്‍, വേഷത്തില്‍...
എല്ലാമുണ്ടായിട്ടും
എല്ലാരുമുണ്ടായിട്ടും
ആരോരുമില്ലാത്തവളെപ്പോല്‍
സ്വന്തം വീട്ടില്‍
ഏകാകിയായതും                                
വെളുത്ത പകലുകളെ വെറുത്ത്          
ഇരുണ്ട രാവിന്റെ
തണുത്ത നെഞ്ചിലമരാന്‍,
ആശ്ലേഷിക്കാന്‍
കൊതിച്ചതും
നീണ്ട വാഗ്വാദങ്ങള്‍ക്കും
കോലാഹലങ്ങള്‍ക്കു-
മൊടുവില്‍
അച്ഛനോ ശരി, അതോ അമ്മയോ ?
എന്നറിയാതെ മനമുഴറിയതും
അറിഞ്ഞിട്ടും
തുറന്നു പറയാനാവാതെ
മനമിടറിയതും
ഒടുവില്‍,
നിറഞ്ഞമിഴികള്‍
കവിഞ്ഞൊഴുകുന്നതാരും
അറിയാതിരിക്കാന്‍
നനഞ്ഞ മഴയെ പ്രണയിച്ചതും....            
പിന്നെയും,
         ഞാനെന്നെ കണ്ടു
         പല പല രൂപത്തില്‍
         ഭാവത്തില്‍, വേഷത്തില്‍...
പ്രഭാതമെത്തും എന്നെങ്കിലും
എന്ന എന്‍ പിഞ്ചു പ്രതീക്ഷക്കുമേല്‍
നിത്യ തമസ്സിന്റെ പടിഞ്ഞാറിനെ
ചൂണ്ടിക്കാണിച്ചോരേ..
ഇല്ല, കാണേണ്ട
ഇനി എനിക്കെന്നെ
മനം മടുപ്പിക്കുന്ന ഈ കാഴ്ചകള്‍ എനിക്കു മടുത്തു
വിടരും മുമ്പേ ഞെട്ടറ്റു വീഴ്‌ത്തിയൊരാ-
പ്പൂമൊട്ടായതിനെയോര്‍ത്ത്
എന്‍ കുഞ്ഞുമനമിന്നാഹ്ലാദിക്കുന്നു
എങ്കിലും,
ചില നേരമെന്‍ മന-
ക്കണ്ണാടിയിലേക്കോടിയെത്തുന്നു
പൊട്ടിച്ചിരിച്ചു, നുരകള്‍ ഞൊറിഞ്ഞു
പതഞ്ഞൊഴുകുന്നൊരാ
പുഴയും !
വിടര്‍ന്നു വിലസി പുഞ്ചിരിതൂകി
സുഗന്ധം പരത്തുന്നൊരാ-
പ്പൂവും !
എന്‍ പിഞ്ചു ചുണ്ടുകള്‍-
ക്കിക്കിളി കൂട്ടിയമൃതു ചുരത്തുന്നൊ-
രെന്നമ്മതന്‍
മുലക്കണ്ണുകളും....!

                                                   ALICE THOMAS
                                                     GHSS Kottodi

3 comments:

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...