Friday, November 14, 2014

NOVEMBER 14 - WORLD DIABETES DAY



പ്രമേഹം - നിശബ്ദനായ കൊലയാളി.
ഇന്ന് ലോക പ്രമേഹ ദിനം. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ 1991 മുതലാണ് ലോക പ്രമേഹ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഇന്‍സുലിന്‍ കണ്ടെത്താന്‍ കാരണക്കാരായ ഫ്രഡറിക്ക് ബാന്റിംഗ്, ചാള്‍സ് ബെസ്റ്റ് എന്നിവരുടെ ഓര്‍മ്മക്കായാണ് നവംബര്‍ 14 പ്രമേഹ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പ്രമേഹം വരാതെ തടയുക, പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഓരോ പ്രമേഹ ദിനാചരണത്തിന്റെയും ലക്‌ഷ്യം.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയുകയാണ് ആദ്യ ഘട്ടം. അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, വയറുവേദന, കൈകാലുകളില്‍ തരിപ്പ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, ഉണങ്ങാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാമാണ് പ്രമേഹ രോഗബാധിതരിലെ ആദ്യ ലക്ഷണങ്ങള്‍.

അമിതവണ്ണം, വ്യായാമം ചെയ്യാതിരിക്കുക, ക്രമം തെറ്റിയ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന പ്രമേഹരോഗത്തിനു കാരണമായി മുന്നോട്ട് വയ്ക്കുന്നത്. പ്രമേഹരോഗികളില്‍ 80 ശതമാനം പേര്‍ മരിക്കുന്നതും ഹൃദയധമനീരോഗങ്ങളാലാണ്. കൂടാതെ ഇവര്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയും നാലിരട്ടിയാണ്.


രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രണവിധേയമാക്കിയും, ഭക്ഷണത്തെ പഥ്യവും ശാസ്ത്രീയവുമാക്കിയും കൊളസ്‌ട്രോള്‍ ഘടകങ്ങളെ കുറച്ചും പ്രമേഹരോഗത്തെ വരുതിയിലാക്കാന്‍ കഴിയുമെന്നും ആരോഗ്യ വകുപ്പ് ഉറപ്പ് തരുന്നു.
പ്രമേഹരോഗം ഇന്ന് ലോകമെമ്പാടും അര്‍ബുദത്തിനൊപ്പം ഗൌരവമേറിയ രോഗമായി വളരെ വര്‍ധിച്ച് വരുകയാണ്. ഏഷ്യന്‍ ജനതയില്‍ പ്രമേഹ സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുള്ളതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. മതിയായ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.
കരുതിയിരിക്കുക ഈ നിശബ്ദനായ കൊലയാളിയെ....!
ആരോഗ്യക്ലബ്ബ്,കൊട്ടോടി

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...