Wednesday, January 28, 2015

വിടവാങ്ങിയത് 'ദി കോമണ്‍മാന്റെ' സൃഷ്ടാവ്‌

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണിന് ആദരാഞ്ജലികള്‍.....

ഒന്നും സംസാരിക്കാതെ എല്ലാത്തിനും സാക്ഷിയായി നില്‍ക്കുന്ന 'കോമണ്‍മാന്‍'. സാധാരണക്കാരന്റെ ആശകളും, പ്രതീക്ഷകളും, പ്രശ്‌നങ്ങളും, ദുരിതങ്ങളും കോമണ്‍മാന്‍ സമൂഹത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരിച്ചില്ലെങ്കിലും നൂറുവാക്കുകളെക്കാള്‍ മൂര്‍ച്ഛയുണ്ടായിരുന്നു കോമണ്‍മാന്. അതിലൂടെ വന്ന വിമര്‍ശനങ്ങള്‍ പലപ്പോളും കുറിക്കുകൊള്ളുന്ന യാഥാര്‍ഥ്യങ്ങളായി. കോമണ്‍മാന്റെ മൂര്‍ച്ചറിയാത്ത ഭരണാധികാരികള്‍ ചുരുക്കം..
സമൂഹത്തിന്റെ പ്രതിനിധിയായി നിരന്തരം ഇടപെടലുകള്‍ നടത്തിയ കോമണ്‍മാന്റെ സൃഷ്ടാവാണ് 66 ാം റിപ്പബ്ലിക് ദിനത്തില്‍ വിടപറഞ്ഞത്. രസിപുരം കൃഷ്ണസ്വാമി അയ്യര്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ വരകള്‍ ബാക്കിയാക്കി യാത്രയായി.

ടൈംസ് ഓഫ് ഇന്ത്യയിലെ യൂ സെഡ് ഇറ്റ് എന്ന പോക്കറ്റ് കാര്‍ട്ടൂണിലെ കോമണ്‍മാനെ ഇന്ത്യക്ക് അത്രമേല്‍ പരിചിതമായിരുന്നു. രാജ്യത്തെ സാധാരണജനം ആര്‍ കാര്‍ട്ടൂണിനായി കാതോര്‍ത്തിരുന്നു. ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ ചിഹ്നമായും ഈ കോമണ്‍മാന്‍ അവതരിപ്പിക്കപ്പെട്ടു.


ആര്‍.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണിന്റെ പ്രഹരശേഷി അറിഞ്ഞവരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും കേന്ദ്ര സര്‍ക്കാരും വരെ ഉള്‍പ്പെടുന്നു. സച്ചിന് സമ്മാനമായി ലഭിച്ച ഫെരാരി കാറിന് 120 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണമെന്ന നിയമം ലംഘിച്ച് കേന്ദ്രം നികുതി ഇളവ് നല്‍കി. ഇതിനെ കളിയാക്കിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണ്‍ കോടതിയുടെ ശ്രദ്ധയില്‍ വരുകയും സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്ത സംഭവം വരെ ഇന്ത്യ കണ്ടതാണ്.

1921 ല്‍ മൈസൂരിലാണ് ആര്‍.കെ ലക്ഷ്മണ്‍ ജനിച്ചത്. മാസികകളില്‍ വരച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. അതിന് മുമ്പ് വീട്ടിലെ ചുമരുകള്‍ അത്രയും അദ്ദേഹത്തിന്റെ വരകള്‍ക്കുള്ള ഇടമായി. ഒരിക്കല്‍ തന്റെ വരകണ്ട അധ്യാപികയുടെ പ്രശംസ കേട്ടതോടെ തന്നിലെ ആര്‍ട്ടിസ്റ്റിനെ ലക്ഷ്മണ്‍ തിരിച്ചറിഞ്ഞു. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം മുംബൈയിലെ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനം തേടി അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടി. ഫ്രീലാന്‍സായി വര തുടര്‍ന്നു.

മൈസൂരിലെ മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്ത് സഹോദരന്‍ ആര്‍.കെ നാരായണന്റെ കഥകള്‍ക്ക് കാരിക്കേച്ചര്‍ വരച്ചു. 'സ്വതന്ത്ര' തുടങ്ങിയ പ്രാദേശിക പത്രങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ കാര്‍ട്ടൂണുകളും അക്കാലത്ത് വരച്ചു. ഡോ ശിവറാം സ്ഥാപിച്ച'കുറവഞ്ചി' എന്ന കന്നട ഹാസ്യ മാസികയിലൂടെയാണ് അദ്ദേഹത്തിലെ കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.

മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തശേഷം ജോലിനേടി മുംബൈയില്‍ എത്തി. തുടര്‍ന്ന് ബ്ലിറ്റ്‌സിലും ഫ്രീപ്രസ്സ് ജര്‍ണലിലും വരച്ചു. ഫ്രീ പ്രസ്സ് ജര്‍ണലില്‍ ജോലിചെയ്യുന്ന അവസരത്തില്‍ തന്റെ തൊട്ടടുത്ത കസേരയില്‍ ഇരുന്ന് ശ്രദ്ധയോടെ കാര്‍ട്ടൂണ്‍ വരയ്ക്കാറുണ്ടായിരുന്ന ഒരുകാര്‍ട്ടൂണിസ്റ്റിനെക്കുറിച്ച് ലക്ഷ്മണ്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. ശിവസേനാ തലവനായിരുന്ന ബാല്‍താക്കറെ ആയിരുന്നു അത്! 1947 ല്‍ ലക്ഷ്മണ്‍ 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ എത്തി. പിന്നീട് ആറ് പതിറ്റാണ്ടുകാലം അവിടെ ജോലിചെയ്തുകൊണ്ടാണ് തന്റെ 'യൂ സെഡ് ഇറ്റ്' എന്ന പോക്കറ്റ് കാര്‍ട്ടൂണിനെയും അതിലെ കഥാപാത്രമായ 'കോമണ്‍മാനേ'യും അനശ്വരമാക്കിയത്.

ദൈനംദിന ജീവിതത്തിലെ സാധാരണക്കാരന്റെ ക്ലേശങ്ങള്‍ക്ക് മൂകസാക്ഷിയായിരുന്നു 'കോമണ്‍മാന്‍'. സാഹിത്യരംഗത്തും ലക്ഷ്മണ്‍ തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചെറുകഥ, ഉപന്യാസം, യാത്രാവിവരണം എന്നിവയ്ക്കുപുറമെ രണ്ടു നോവലുകളും ഒരു ആത്മകഥാഗ്രന്ഥവും അദ്ദേഹത്തിന്റെ സംഭാവനയില്‍പ്പെടുന്നു. പത്രപ്രവര്‍ത്തനശാഖയ്ക്കുള്ള രമണ്‍ മഗ്‌സാസെ അവാര്‍ഡ് 1984 ല്‍ നേടിയിട്ടുണ്ട്. 2005 ല്‍ രാഷ്ട്രം പദ്മവിഭൂഷണ്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. ദി ടണല്‍ ഓഫ് ടൈം എന്ന ആത്മകഥയും അദ്ദേഹത്തിന്റേതായുണ്ട്.

മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ അനാഛാദനം നിര്‍വഹിച്ച 'കോമണ്‍മാന്റെ' ഒരു വെങ്കല പ്രതിമ പൂണെയിലുണ്ട്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കഥാപാത്രം പ്രതിമരൂപത്തില്‍ ജനങ്ങളുടെ ഇടയില്‍ നില്ക്കുന്നത്.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...