Sunday, February 22, 2015

ലോക മാതൃഭാഷാ ദിനം

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം. മാതൃഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം മറ്റുള്ള ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ അന്തഃസത്ത. "ഭാഷയിലൂടെ സമ്പൂര്‍ണ വിദ്യാഭ്യാസം" എന്നതാണ് ഈ വര്‍ഷത്തെ ആശയം

1952 ല്‍ ബംഗ്ളാദേശില്‍ ഉറുദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ഡാക്ക സര്‍വകലാശാലയിലെ നാലു വിദ്യാര്‍ഥികള്‍ പൊലീസിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഇതിന്റെ സ്മരണയ്ക്കായാണ് ലോക മാതൃഭാഷാദിനം ആചരിക്കാന്‍ യുനെസ്‌കോ തീരുമാനിച്ചത്. 2000ത്തില്‍ പാരിസില്‍ ആദ്യത്തെ ലോകമാതൃഭാഷാദിനം യുനെസ്‌കോയുടെ നേതൃത്വത്തില്‍ ആചരിച്ചു.

ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിലും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മാധ്യമം എന്ന നിലയിലും മാതൃഭാഷയ്‌ക്കുള്ള പ്രാധാന്യം വളരെ വലുതാണ്‌. എന്നാല്‍ മാതൃഭാഷയുടെ ഈ പ്രാധാന്യം മനസ്സിലാക്കാതെ മലയാളം സംസാരിക്കുന്നതുപോലും അപമാനകരമായി നാം കരുതുന്നു. മലയാളം സംസാരിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്ന കുട്ടികളും നമ്മുടെയിടയിലുണ്ട്‌. മാതൃഭാഷയ്‌ക്ക്‌ ഇത്രമാത്രം അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്‌ ഒരു പക്ഷേ മലയാളനാട്ടില്‍ മാത്രമായിരിക്കും. ഓരോ നാടിനും ഓരോ ഭാഷയുണ്ട്. ആ ഭാഷ ആ നാടിന്റെ സംസ്‌കാരത്തിന്റെ പ്രതിനിധിയാണ്‌. മാതൃഭാഷ മറക്കുമ്പോള്‍ , അഥവാ മാതൃഭാഷയെ ഉപേക്ഷിച്ച്‌ മറ്റു ഭാഷകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെത്തന്നെയാണ്‌ നാം മറന്നുകളയുന്നത്‌. നാം എന്താണ്‌ എന്ന തിരിച്ചറിവ്‌ അവിടെ നഷ്‌ടമാകുന്നു. പിറന്ന മണ്ണില്‍ നിന്ന്‌ അകന്ന്‌ വേരുകള്‍ നഷ്‌ടപ്പെട്ടവരായി മാറുന്നു.മാതൃഭാഷ എന്നാല്‍ മാതാവിന്റെ ഭാഷ എന്നല്ല. മാതാവിനെപ്പോലെ സ്നേഹിക്കെണ്ടതായ ഭാഷ എന്നാണ്. അതെ അര്‍ത്ഥത്തില്‍ തന്നെയാണ് സ്വന്തം രാജ്യത്തെയും കാണേണ്ടത് - അതായത് മാതൃരാജ്യത്തെ.
                                      മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
                                      മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷതാന്‍
എന്ന്‌ മഹാകവി വള്ളത്തോള്‍ പാടിയത്‌ മാതൃഭാഷയുടെ മഹത്വം ഉള്‍ക്കൊണ്ടാണ്‌. സ്വന്തം ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട്‌ മറ്റു ഭാഷകളെ വീക്ഷിക്കാനും പഠിക്കാനുമുള്ള ശ്രമമാണ്‌ നാം നടത്തേണ്ടത്‌. എങ്കിലേ ആത്‌മബോധമുള്ളവരായി വ്യക്തിത്വമുള്ളവരായി വളര്‍ന്നുവരാന്‍ നമുക്കാവൂ. മലയാളമണ്ണില്‍ നിന്ന്‌ മലയാളത്തിന്റെ ഗന്ധം നഷ്‌ടമായാല്‍ പിന്നെ മലയാളികളും മലയാളികളുടെ സംസ്‌കാരവും ഒന്നും ഉണ്ടാവില്ല. അതുകൊണ്ട്‌ എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്തുനില്‍ക്കാന്‍ നാം മാതൃഭാഷയില്‍ അടിയുറച്ച്‌ നിന്നേ മതിയാവൂ. കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച്‌ നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും നാം പരിശ്രമിക്കുകയും വേണം. കുട്ടി ഇംഗ്ലീഷ്‌ മണിമണിയായി സംസാരിക്കാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കുന്നതിനെക്കുറിച്ച്‌ കവിതയിലൂടെ മലയാളിയെ പരിഹസിച്ച കുഞ്ഞുണ്ണിമാഷിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വേളയില്‍ അഭിമാനത്തോടെയേ ഓര്‍ക്കാനാവൂ. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടിക്ക്‌ മാതൃവാത്സല്യം എങ്ങനെ ലഭ്യമാകുന്നുവോ അതേ പോലെതന്നെയാണ്‌ മാതൃഭാഷ കൈകാര്യംചെയ്ത്‌ വളരുന്ന തലമുറയും.അതേ, മാതൃഭാഷ മറക്കാത്ത ആള്‍, മാതാവിനെ മറക്കുന്നില്ല, വേണ്ടപ്പെട്ടവരെ മറക്കുന്നില്ല, സമൂഹത്തെ മറക്കുന്നില്ല, സ്വന്തം നാടിനെ മറക്കുന്നില്ല.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...