Friday, September 12, 2014

ശാസ്ത്ര വാര്‍ത്തകള്‍

ശ്വാസോച്ഛ്വാസം വാക്കുകളാക്കുന്ന സംവിധാനവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി

ചലനശേഷി നഷ്ടപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായേക്കാവുന്ന സങ്കേതവുമായി 16 കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി. ഹരിയാനയിലെ പാനിപ്പട്ട് സ്വദേശിയായ അര്‍ഷ് ഷാ ദില്‍ബാഗി വികസിപ്പിച്ച 'ടോക്ക്' (TALK) എന്ന ഉപകരണം ഇക്കാരണത്താല്‍ ശ്രദ്ധേയമാവുകയാണ്.
ചെലവുകുറഞ്ഞ ഈ ഉപകരണം വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിളിന്റെ 2014 ലെ സയന്‍സ് ഫെയര്‍ ( Global Science Fair ) ഫൈനല്‍ പട്ടികയില്‍ ദില്‍ബാഗി ഇടംനേടി.

ശ്വാസോച്ഛ്വാസത്തിന്റെ താളക്രമം വാക്കുകളാക്കി മാറ്റുകയാണ് ദില്‍ബാഗിയുടെ ഉപകരണം ചെയ്യുക. ലോകജനസംഖ്യയില്‍ 1.4 ശതമാനം ആളുകള്‍ ശരീരചലനത്തെ ബാധിക്കുന്ന അസുഖങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ് എന്നകാര്യം, ദില്‍ബാഗിയുടെ ഉപകരണത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
ആഗോളതലത്തില്‍ 18 കൗമാരക്കാരുടെ ഏറ്റവും മികച്ച കണ്ടെത്തലുകളാണ് ഗൂഗിള്‍ സയന്‍സ് ഫെയര്‍ ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ ഏഷ്യയില്‍ നിന്നുള്ള ഏക എന്‍ട്രിയാണ് ദില്‍ബാഗിയുടേത്. 30 ലക്ഷം രൂപയുടെ (50000 ഡോളര്‍) സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിജയിക്ക് ലഭിക്കും.
വാക്കുകള്‍ക്കോ എഴുത്തിനോ പകരം, മറ്റേതെങ്കിലും ഉപാധിയിലൂടെ ആശയസംവേദനം സാധ്യമാക്കുന്ന എഎസി ( Augmentative and Alternative Communication ) ഉപകരണമാണ് ദില്‍ബാഗി വികസിപ്പിച്ചത്. വില്‍ചെയറില്‍ കഴിയുന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഇത്തരത്തിലുള്ള ഉപകരണം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്.
ശരീരത്തിന്റെ ചലനശേഷിയെ ബാധിക്കുന്ന ലോക്ക്ഡ്-ഇന്‍ സിന്‍ഡ്രോം, എഎല്‍എസ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കാകും ടോക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക. രോഗിയുടെ ശ്വാസത്തെ മോഴ്‌സ് കോഡുകളാക്കി സെന്‍സറില്‍ സ്വീകരിച്ച് ശബ്ദമാക്കി മാറ്റുകയാണ് ടോക്ക് ചെയ്യുന്നത്.
ഇംഗ്ലീഷിലാണ് ടോക്കില്‍ ആശയവിനിമയം സാധ്യമാവുക. ഇതോടൊപ്പം പ്രത്യേക നിര്‍ദ്ദേശങ്ങളും മറ്റും നല്‍കാനായി മറ്റൊരു മോഡും ഉപകരണത്തിലുണ്ട്. നിലവില്‍ ലഭ്യമായ ഉപകരണങ്ങള്‍ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ടോക്കിന് സാധിക്കും.
വന്‍ തുക മുടക്കി എഎസി ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത രോഗികള്‍ക്കും തന്റെ വില കുറഞ്ഞ ഉപകരണം ആശ്വാസമാകുമെന്ന് ദില്‍ബാഗി പറയുന്നു. നിലവില്‍ ഒരു എഎസി ഉപകരണത്തിന് 4.2 ലക്ഷം രൂപയെങ്കിലും (7000 ഡോളര്‍) ആകും. എന്നാല്‍ 5000 രൂപ (80 ഡോളര്‍) മാത്രമാണ് ദില്‍ബനഗിയുടെ ഉപകരണത്തിന്റെ വില. ലോകത്തിലെ എറ്റവും ചെലവ് കുറഞ്ഞ എഎസി ഉപകരണമാകും ഇത്.
പാര്‍ക്കിസണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചവരില്‍ തന്റെ ഉപകരണം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്നും ദില്‍ബാഗി അവകാശപ്പെടുന്നു. ഭാവിയില്‍ തന്റെ ഉപകരണത്തില്‍ ഓട്ടോ-പ്രഡിക്ഷന്‍ ഉള്‍പ്പെടുത്താനും ഗൂഗിള്‍ ഗ്ലാസ്സ് പോലുള്ള വിയറബിള്‍ ഗാഡ്ജറ്റുകളുമായി സംയോജിപ്പിക്കാനുമാണ് ഈ കൊച്ചുമിടുക്കന്‍ ലക്ഷ്യമിടുന്നത്. ഇത് സാധ്യമായാല്‍ രോഗികള്‍ക്ക് ആശയവിനിമയം കൂടുതല്‍ എളുപ്പമാകും.
ഗൂഗിളിന്റെ സയന്‍സ് ഫെയര്‍ വിജയിയെ ഈ മാസം പ്രഖ്യാപിക്കും. ജനപ്രിയ കണ്ടുപിടിത്തത്തിനുള്ള അവാര്‍ഡിനായി ഗൂഗിള്‍ സയന്‍സ് ഫെയര്‍ വെബ്‌സൈറ്റില്‍ ശനിയാഴ്ച വരെ വോട്ടു രേഖപ്പെടുത്താനാകും. 

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...