Wednesday, November 12, 2014

സാലിം അലി ജന്മദിനം - നവംബര്‍ 12

 ദി ബേഡ് മാന്‍ ഓഫ് ഇന്ത്യ                                      
പക്ഷിനിരീക്ഷണം എന്ന വാക്ക്‌ കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക്‌ എത്തുക സാലിംഅലിയെന്ന മനുഷ്യസ്നേഹിയുടെ പേരായിരിക്കും. ക്ഷമാശീലവും കഠിന പ്രയത്‌നവും കൈമുതലാക്കി ജീവിതത്തിലെ പല പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ്‌ സാലിംഅലി ലോകമറിയുന്ന പക്ഷിനിരീക്ഷണശാസ്‌ത്രജ്ഞനായത്‌. 'ബേഡ്‌മാന്‍ ഓഫ്‌ ഇന്ത്യ' എന്ന അപരനാമത്തില്‍ അറിയുന്ന സാലിം അലി.1896-നവംബര്‍ മാസം12-ന്‌ മുംബൈയില്‍ ജനിച്ചു. മുഴുവന്‍പേര്‌ സാലിം മൊയിസുദ്ദീന്‍ അബ്‌ദുള്‍ അലി.ഇന്ത്യയില്‍ ചിട്ടയായ പക്ഷിനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തിയും സാലിംഅലി തന്നെ. പക്ഷികളെക്കുറിച്ചും പക്ഷി നിരീക്ഷണത്തെക്കുറിച്ചും എഴുതിയ പുസ്‌തകങ്ങള്‍ വിജ്ഞാനകുതുകികള്‍ ഇന്നും റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്‌.
അമ്മാവനായ അമറുദ്ദീന്‍ തിയാബ്‌ജിയോടൊപ്പമാണ്‌ ബാല്യകാലം ചിലവിട്ടത്‌. മുംബൈ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജില്‍ ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും ഗണിതത്തിലെ ബീജഗണിതത്തോടും ലോഗരിതം കണക്കു കൂട്ടലുകളോടും പൊരുത്തപ്പെടാനാകാതെ കോളേജ്‌ വിദ്യാഭ്യാസം ഇടയ്‌ക്കു വച്ച്‌ അവസാനിപ്പിച്ചു. ഇതിനുശേഷം ബര്‍മ്മയിലേയ്‌ക്ക്‌ വണ്ടി കയറി. അവിടെ ഖനന - തടി വ്യവസായങ്ങളിലേര്‍പ്പെട്ടിരുന്ന സഹോദരനെ സഹായിക്കുകയായിരുന്നു ഉദ്ദേശ്യം. ബര്‍മ്മയിലെ ജോലി സ്ഥലത്തുണ്ടായിരുന്ന ചെറിയ വനപ്രദേശം സാലിംഅലിയിലെ പക്ഷിസ്‌നേഹിയെ വീണ്ടുമുണര്‍ത്തി. അധികനാള്‍ അവിടെ നിന്നില്ല. മുംബൈയില്‍ തിരിച്ചെത്തി.ജീവശാസ്‌ത്ര പഠനത്തിലേര്‍പ്പെട്ടു. ബൊംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ മ്യൂസിയത്തില്‍ വഴികാട്ടിയായുള്ള ജോലി നോക്കി.ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൈസൈറ്റി സെക്രട്ടറിയായിരുന്ന ഡബ്ലൂ. എസ്‌. മില്‍മാര്‍ഡാണ്‌ ഗൗരവമായ പക്ഷി നിരീക്ഷണം സാലിം അലിയെ മനസിലാക്കി കൊടുത്തതും വേണ്ട സഹായങ്ങള്‍ ചെയ്‌തതും.

പക്ഷിനിരീക്ഷണത്തില്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ ജര്‍മ്മനിയിലേയ്‌ക്ക്‌ പുറപ്പെട്ടു. പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രോസ്‌മാന്റെ കീഴില്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം നടത്തിയശേഷം പക്ഷെ തിരികെ ഇന്ത്യയിലേയ്‌ക്ക്‌ എത്തിയപ്പോള്‍ നേരത്തെ ജോലി ചെയ്‌തിരുന്ന പോസ്റ്റ്‌ പോലും നിര്‍ത്തലാക്കിയിരുന്നു. ഇതിനിടെ അകന്ന ബന്ധുവായ തെഹ്‌മിനയെ ജീവിതസഖിയാക്കിക്കഴിഞ്ഞിരുന്നതിനാല്‍ ചെറിയൊരു തൊഴിലെങ്കിലും ഉണ്ടാകേണ്ടത്‌ അനിവാര്യമായി. ശാസ്‌ത്ര വിഷയത്തില്‍ ബിരുദാനന്തരബിരുദമോ ഗവേഷണബിരുദമോ ഇല്ലാതിരുന്നതിനാല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയില്‍ ജോലിതേടിയെങ്കിലും ലഭിച്ചില്ല. ഭാര്യയോടൊപ്പം മുംബൈതീരത്തുള്ള കിഹ്‌മില്‍ താമസമാക്കി. ഭാര്യയുടെ ചെറിയ തൊഴിലില്‍നിന്നുള്ളവരുമാനമായിരുന്നു പ്രധാന സാമ്പത്തികാശ്രയം. താമസസ്ഥലത്തിനടുത്തുള്ള വ്യക്ഷത്തില്‍ തുന്നല്‍ക്കാരന്‍പക്ഷികള്‍(weaver birds) കൂടുകൂട്ടുന്നതും മറ്റും സാലിംഅലി ശ്രദ്ധയോടെ വീക്ഷിച്ചു. കുറച്ചു മാസത്തെ ക്ഷമാപൂര്‍ണമായ നിരിക്ഷണത്തിനൊടുവില്‍ തുന്നല്‍ക്കാരന്‍ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കി. ഇത്‌ സലിംഅലിയെ പൊതുജനശ്രദ്ധയിലേക്കെത്തിച്ചു.റോക്കറ്റ്‌ വാലുള്ള പക്ഷിയെയും ഫിന്‍സ്‌ബായ പക്ഷിയെയും നിരീക്ഷിച്ചത്‌ സാലിം അലിയുടെ പക്ഷിനിരീക്ഷണത്തെ കൂടുതല്‍ മികവുള്ളതാക്കി. ഫിന്‍സ്‌ബായ നൂറുവര്‍ഷങ്ങള്‍ക്ക്‌ മുന്നേ വംശനാശം വന്ന ജാതിയാണെന്ന പൊതുവിശ്വാസത്തെയാണ്‌ സാലിം അലിയുടെ നിരീക്ഷണം പൊളിച്ചെഴുതിയത്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നാടോടിയെ പോലെ അലഞ്ഞ്‌ തിരിഞ്ഞ്‌ പക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. 1939-ല്‍ ഭാര്യയുടെ മരണം പിന്നീടുള്ള യാത്രകളില്‍ സലിം അലിയെ ഏകനാക്കി.

1941-ല്‍ ദി ബുക്ക്‌ ഓഫ്‌ ഇന്ത്യന്‍ ബേഡ്‌സ്‌ പ്രസിദ്ധീകരിച്ചു. ഇതോടെ സലിം അലിയുടെ പ്രതിഭ കൂടുതല്‍ അംഗീകരിക്കപ്പെട്ടു. പക്ഷിനിരീക്ഷണത്തിനായി അഫ്‌ഗാനിസ്ഥാന്‍ ദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സിഡ്‌നി ദില്ലന്‍ റിപ്ലറുമായി ചേര്‍ന്നെഴുതിയ ഹാന്‍ഡ്‌ ബുക്ക്‌ ഓഫ്‌ ദി ബേഡ്‌സ്‌ ഇന്‍ ഇന്ത്യ ആന്‍ഡ്‌ പാകിസ്ഥാന്‍ പത്തു വാല്യങ്ങളുള്ള സമഗ്രമായ ആധികാരിക ഗ്രന്ഥമായിരുന്നു. നാഷണല്‍ ബുക്‌ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ച കോമണ്‍ ഇന്ത്യന്‍ ബേഡ്‌സ്‌ ആല്‍ബവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പക്ഷിനീരീക്ഷണവുമായി ബന്ധപ്പെട്ട്‌ കേരളവും സാലിം അലി സന്ദര്‍ശിച്ചു ഒപ്പം കേരളത്തിലെ പക്ഷികളെ കുറിച്ച്‌ ബേഡ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ എന്ന പുസ്‌തകവും സാലിം അലി രചിച്ചിട്ടുണ്ട്‌. ഭരത്‌പൂര്‍ പക്ഷിസങ്കേതവും, സൈലന്റ്‌ വാലി ദേശീയോദ്യാനവും സാക്ഷാത്‌കരിക്കുന്നതിനു പിന്നിലും സാലിം അലിയുടെ ശ്രദ്ധ പതിഞ്ഞു.

1976-ല്‍ പദ്‌മവിഭൂഷണ്‍ ബഹുമതി ലഭിച്ചു. 1958-ല്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ഓര്‍ണിത്തോളജിയില്‍ (പക്ഷിവിജ്ഞാനീയം) നാഷണല്‍ പ്രൊഫസര്‍ എന്ന പദവി. ഒട്ടേറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റുകള്‍ നല്‍കി ആദരിച്ചു. 1985 രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായി. 1987 ജൂലൈ 27-ം തീയതി പക്ഷികളുടെ കൂട്ടുകാരനും പ്രകൃതി സ്‌നേഹിയുമായ ഈ ശാസ്‌ത്രജ്ഞന്‍ അന്തരിച്ചു. കോയമ്പത്തൂര്‍ കേന്ദ്രമാക്കിയുള്ള സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ്‌ നാഷണല്‍ ഹിസ്റ്ററി (SACON) ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകെള്ളുന്ന സ്ഥാപനമാണ്‌.
ശാസ്ത്രക്ലബ്ബ് ജി.എച്ച് എസ്.എസ്.കൊട്ടോടി

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...