Wednesday, November 26, 2014

നവംബര്‍ 26 - ഇന്ന് ദേശീയ ക്ഷീര ദിനം

ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യന്റെ ജന്മദിനമാണ് ദേശീയ ക്ഷീര ദിനം

വര്‍ഗ്ഗീസ് കുര്യന്‍ (1923-2012) ജീവിതരേഖ
ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന അളാണ് വര്‍ഗ്ഗീസ് കുര്യന്‍. 1923 നവംബര്‍ 26-ന് കോഴിക്കോട്ടെ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു. പിതാവായ പുത്തന്‍പാറയ്ക്കല്‍ കുര്യന്‍ സിവില്‍ സര്‍ജനായിരുന്നു. 1936-ല്‍ എസ്.എസ്.എല്‍.സി. പാസ്സായി. ലയോള കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ എഴാം റാങ്കോടെ ബിരുദം നേടി.
1945-ല്‍ ഭാരതസര്‍ക്കാര്‍ ഇന്ത്യയിലെ 400 യുവ എന്‍ജിനീയര്‍മാരെ യുദ്ധാനന്തര നിര്‍മ്മാണജോലിയില്‍ വൈദഗ്ദ്യം നേടാനായി അമേരിക്കയിലും ഇംഗ്ലണ്ടിലും അയച്ച് പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഡയറി എന്‍ജിനീയറിംഗിലേക്കാണ് കുര്യന് പ്രവേശനം ലഭിച്ചത്. കുര്യന് താല്‍പര്യമുള്ള വിഷയമായിരുന്നില്ലെങ്കിലും, അത് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം 1948-ല്‍ ഗുജറാത്തിലെ ആനന്ദില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡയറി എന്‍ജിനീയറായി നിയമനം ലഭിച്ചു. ഈ സമയത്ത് കുര്യന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, കുര്യന്‍ തന്റെ രാജി സമര്‍പ്പിച്ച് അവിടെ നിന്നും ഇറങ്ങി.


1951 ഏപ്രില്‍ 1 ന് കയ്‌റ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദ്യത്തെ ജനറല്‍ മാനേജറായി കുര്യന്‍ സ്ഥാനമേറ്റെടുത്തു. 1952-ല്‍ കുര്യന്‍ ഡയറി എന്‍ജിനീയറിംഗിന്റെ പുതിയ സാധ്യതകളെക്കുറിച്ച് പഠിക്കാനായി ന്യൂസീലന്‍ഡിലേക്കു പോയി. പുതിയ ആശയങ്ങള്‍ കയ്‌റ കോഓപ്പറേറ്റീവില്‍ നടപ്പിലാക്കാന്‍ ഉറപ്പിച്ചാണ് കുര്യന്‍ 1953-ല്‍ തിരികെയെത്തിയത്. 1955-ല്‍ കയ്‌റയുടെ പുതിയ പ്ലാന്റ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്തു. അമുല്‍ എന്ന് നാമകരണം ചെയ്ത ഈ പ്ലാന്റ് അന്ന് ഏഷ്യയിലെ ഏറ്റവും വലിയതായിരുന്നു. പാല്‍പ്പൊടി നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ഇതായിരുന്നു. 1955-ല്‍ അമൂല്യ എന്ന പേരില്‍ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിത്തുടങ്ങി. എന്നാല്‍ അതിനേക്കാളൊക്കെ മുമ്പേ തന്നെ ലക്ഷക്കണക്കിനു കുടുംബങ്ങളില്‍ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. അമുലിന്റെ വിജയകഥ കണ്ട ഭാരതസര്‍ക്കാര്‍ ഇത് ഇന്ത്യയിലാകമാനം ആവര്‍ത്തിക്കാനായി ഓപ്പറേഷന്‍ ഫ്‌ളെഡ് എന്നൊരു പദ്ധതിക്ക് രൂപം നല്‍കി, ഇതിന്റെ നേതൃത്വം കുര്യനായിരുന്നു.
1973-ല്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് രൂപം നല്‍കി. വര്‍ഗ്ഗീസ് കുര്യന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമെന്ന ബഹുമതിയും കൈവരിച്ചു. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ചെയര്‍മാനായി ഇദ്ദേഹം 34 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. 2006-ല്‍ ഈ സ്ഥാനത്ത് നിന്നും വിരമിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്ന വിശേഷണവും നേടിക്കൊടുത്തു.

നിരവധി ബഹുമതികള്‍ക്കുടമയാണ് വര്‍ഗീസ് കുര്യന്‍. 1963-ല്‍ മാഗ്‌സസെ അവാര്‍ഡ് ലഭിച്ചു. 1965-ല്‍ പത്മശ്രീ, 1966-ല്‍ പത്മഭൂഷണ്‍, 1999-ല്‍ പത്മവിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1989-ലെ വേള്‍ഡ് ഫുഡ് പ്രൈസ്  ലഭിച്ചത് വര്‍ഗീസ് കുര്യനാണ്. 2012 സെപ്റ്റംബര്‍ 9-ന് അന്തരിച്ചു.
ശാസ്ത്രക്ലബ്ബ് കൊട്ടോടി

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...