Tuesday, November 25, 2014

ജാലകക്കാഴ്ച്ചകള്‍


ജാലകക്കാഴ്ച്ചകള്‍



മുറ്റത്തു നില്‍ക്കുന്ന നാരകത്തൈയ്യിന്മേല്‍
കെട്ടിപ്പുണരുന്നു പാവല്‍വള്ളി
പച്ചിളം മഞ്ഞനിറമുള്ള പൂക്കളില്‍
തത്തിക്കളിക്കുന്നു പൂമ്പാറ്റകള്‍
തെല്ലകലത്തിലായ് നാണത്താല്‍ കൂമ്പിയ
പച്ചിലക്കൂടാരം പോലിലുമ്പി
സുന്ദരിയായ നവോഢയെപ്പോലവള്‍
സൂര്യനെ നോക്കാന്‍ മടിച്ചു നില്പൂ
ഓമനയായൊരു വിഗ്രഹം പോലെയെന്‍
കൊച്ചിളം കപ്പളത്തമ്പുരാട്ടി
ഓടക്കുഴല്‍ പോലുള്ളോരിളം കൈകള്‍
മാനത്തേയ്ക്കങ്ങനെ നീട്ടിനില്പൂ
പച്ചിലച്ചാര്‍ത്തിനാല്‍ തൊഴുത്തിന്‍ തൊടിയാകെ
പൂന്തണല്‍ വീശുന്നോരത്തിമരം
മഞ്ഞയുടുപ്പിട്ട കൊച്ചുപൂമ്പാറ്റകള്‍
പാവലിന്‍ പൂക്കളെ ഉമ്മവയ്പൂ
അപ്പുറമിപ്പുറം നിന്നുകൊണ്ടങ്ങനെ
പയ്യാരം ചൊല്ലുന്ന പേരകളെ
മാടി വിളിക്കുവാന്‍ കൈയ്യുകള്‍ നീട്ടുന്ന
പാളയംകോടന്റെ കൊച്ചുതൈകള്‍
തുള്ളിയൊഴുകുന്ന വെള്ളിമേഘങ്ങളെ
തൊട്ടുതലോടുവാനെന്നവണ്ണം
തീയില്‍ കുരുത്ത കരുത്തുമായ് നില്ക്കുന്ന
കേരത്തരുക്കള്‍ തന്‍ യൗവ്വനങ്ങള്‍
ശ്യാമമേഘത്തിന് പൂമറ തീര്‍ക്കുന്ന
തേക്കിന്റെ ചേലുറ്റ നില്‍പ്പു കണ്ടാല്‍
ബാണമയയ്ക്കുന്ന കാമന്റെ കാമന
ആരുടെയുള്ളിലും പൂവിടര്‍ത്തും
ഈ ജനല്‍ക്കാഴ്ച്ചകള്‍
എന്നിലുണര്‍ത്തുന്നു
മായിക മഞ്ജിമ ഭാവനകള്‍..!
  
                                                                                        ആന്‍സി അലക്സ്
                                                                                       GHSS Kottodi

2 comments:

  1. വളരെ നന്നായിട്ടുണ്ട്..

    ReplyDelete
  2. പ്രകൃതിവര്‍ണ്ണനക്ക് പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ എന്തുകൊണ്ടും യോഗ്യതന്നെയെന്ന് തെളിയിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.......

    ReplyDelete

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...