Tuesday, November 25, 2014

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.


ആലപ്പുഴ: കുട്ടനാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയായി താറാവുകള്‍ ചത്തൊടുങ്ങുന്നത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ച സാമ്പിള്‍ പരിശോധനയിലാണ് പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചത്. ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസാണ് രോഗകാരണമെന്ന് കണ്ടത്തെിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

എന്താണ് പക്ഷിപ്പനി ?
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌. പക്ഷിപ്പനി. ( Avian flu, Bird flu)പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാന്‍ കാരണം.
പക്ഷിപ്പനി എന്നത് പക്ഷികളെയും ചില മൃഗങ്ങളെയും, അപൂര്‍വമാ‍യി മനുഷ്യനെയും ബാ‍ധിക്കുന്ന ഒരു വൈറസ് രോഗമാണ്. സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്ലുവെന്‍സാ (influenza) വൈറസിന്റെ അനേകം ബന്ധുക്കളില്‍ ചിലതാണ് പക്ഷിപ്പനി വൈറസുകള്‍(avian influenza).
ഇന്‍ഫ്ലുവെന്‍സാ വൈറസുകളുടെ കോശത്തിന് നേര്‍ത്ത ഒരു ആവരണമുണ്ട്. ഈ ആവരണത്തില്‍ മുത്തുപതിപ്പിച്ചതു പോലെ കാണപ്പെടുന്ന ചില പ്രോട്ടീനുകളും ഉണ്ട്. ഈ പ്രോട്ടീനുകള്‍ വൈറസിനെ മറ്റൊരു കോശത്തിനു പുറത്ത് ഒട്ടിച്ചേര്‍ന്നിരിക്കാനും അതു വഴി ആ കോശത്തിനുള്ളില്‍ കയറിപ്പറ്റാനുമൊക്കെ സഹായിക്കുന്ന രണ്ട് രാസത്വരകങ്ങളാണ് (എന്‍സൈമുകള്‍).ഇതില്‍ രണ്ടെണ്ണമാണ് പ്രധാനം : ഹീം-അഗ്ലൂട്ടിനിന്‍(H), ന്യൂറാമിനിഡേസ് (N) എന്നിവ. ഈ പ്രോട്ടീനുകളുടെ ടൈപ്പ് അനുസരിച്ച് ഇന്‍ഫ്ലുവെന്‍സാ വൈറസുകളെ H, N എന്നീ അക്ഷരങ്ങളുടെ വിവിധ കോമ്പിനേഷനുകളില്‍ പേരിട്ടു വിളിക്കുന്നു.

H1N1, H1N2, H3N2 എന്നിവയാണ് മനുഷ്യനെ ബാധിക്കുന്നതെന്നു കണ്ടെത്തിയിട്ടുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസ് ടൈപ്പുകള്‍. കാലാ‍കാലങ്ങളില്‍ ജൈവ പരിണാമഫലമായി ഇതു രൂപാന്തരം പ്രാപിക്കുന്നു. ഇതില്‍ ഇപ്പോള്‍ നാം വാര്‍ത്തകളില്‍ വായിക്കുന്ന പക്ഷിപ്പനിയുണ്ടാക്കുന്നത് H5N1 എന്ന ടൈപ്പ് ഇന്‍ഫ്ലുവെന്‍സാ വൈറസാണ്. ഇത് ഹോംഗ് കോംഗില്‍ 1997-ല്‍ സ്ഥിരീകരിക്കപ്പെട്ട പക്ഷിപ്പനി ബാധ മുതല്‍ക്ക് വ്യാപകമായ ഒരു വൈറസ് രൂപാന്തരമത്രെ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക.
3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.
4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാ‍തി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.
5. മൈക്രൊ വേവ് അവന്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവ്വും കുറഞ്ഞത് 160 ഡിഗ്രിയിലെങ്കിലും ഇറച്ചി പാചകം ചെയ്യാന്‍ ഓര്‍ക്കുക. സാധാരണ നാം കോഴി/താറാവ് കറിവയ്ക്കുമ്പോള്‍ ഏതാണ്ട് ഈ ചൂടിലാണ് പാചകം ചെയ്യാറ്. 
6. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.
7. പക്ഷിപ്പനിയുടെ പേരില്‍ വീട്ടില്‍ വളര്‍ത്തുന്ന പാവം കോഴിയെയും താറാവിനേയും കൊല്ലേണ്ടകാര്യമില്ല. എന്നാല്‍ ദേശാടനപ്പക്ഷികളൊക്കെ ധാരാളമായി വരുന്ന സ്ഥലങ്ങളിലെ (ഉദാ:കുമരകം) വളര്‍ത്തു പക്ഷികള്‍ക്കും മറ്റും എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ മൃഗഡോക്ടറെ കാണിക്കാന്‍ ഒട്ടും വൈകരുത്.
ശാസ്ത്ര - ആരോഗ്യ ക്ലബ്ബ് കൊട്ടോടി

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...