Monday, January 12, 2015

സ്വാമി വിവേകാനന്ദന്‍ ജന്മദിനം - ജനുവരി 12


1863 ജനവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. കൊല്‍ക്കത്തയില്‍ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥ് ദത്തയും വിദ്യാസമ്പന്നയും ഇതിഹാസ പുരാണാദികളില്‍ പണ്ഡിതയുമായ ഭുവനേശ്വരിയുമാണ് നരേന്ദ്രനാഥ് ദത്തയുടെ മാതാപിതാക്കള്‍. നരേന്ദ്രന്‍, നരേന്‍ എന്നൊക്കെ നരേന്ദ്രനാഥിനെ അടുപ്പമുള്ളവര്‍ വിളിച്ചു. കുട്ടിക്കാലത്തുതന്നെ സ്‌നേഹവും ദയയും ഹൃദയത്തിലേറ്റിയ നരേന്ദ്രന്‍ പാവപ്പെട്ടവര്‍ക്കും സന്ന്യാസിമാര്‍ക്കും കൈയിലുള്ളതെന്തും നല്‍കുന്ന സ്വഭാവക്കാരനായിരുന്നു. ഒരിക്കല്‍ കേട്ടതൊന്നും മറക്കാത്ത രീതിയില്‍ അപാരമായ ഓര്‍മശക്തി ബാല്യത്തിലേ നരേന്ദ്രനുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം നരേന്ദ്രനില്‍ ഉടലെടുത്തു. അതിനായി ശിവനെ ധ്യാനിക്കുക പതിവായി. അങ്ങനെ ഏകാഗ്രമായ ധ്യാനം കുട്ടിക്കാലത്തുതന്നെ നരേന്ദ്രനു സ്വന്തമായി.


വീട്ടിലെത്തി ഒരു ട്യൂട്ടറാണ് പ്രാഥമിക പാഠങ്ങള്‍ നരേന്ദ്രനെ പഠിപ്പിച്ചത്. ഏഴാം വയസ്സില്‍ (1870) നരേന്ദ്രനെ മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ ചേര്‍ത്തു. 1879-ല്‍ ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഒന്നാംക്ലാസ്സില്‍ വിജയിച്ച് നരേന്ദ്രന്‍ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം ജനറല്‍ അസംബ്ലീസ് ഇന്‍സ്റ്റിറ്റിയൂഷനില്‍ (പില്‍ക്കാലത്ത് സ്‌കോട്ടിഷ് ചര്‍ച്ച് കോളേജ്) ചേര്‍ന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിര്‍ത്തിരുന്ന ബ്രഹ്മസമാജത്തിന്റെ പുരോഗമനാശയങ്ങളിലാകൃഷ്ടനായ നരേന്ദ്രന്‍ സമാജം പ്രവര്‍ത്തകനായി. അനുഗൃഹീതമായ മധുരശബ്ദത്തിനുടമയായിരുന്നു സ്വാമി വിവേകാനന്ദന്‍. ഉപകരണസംഗീതവും വായ്പ്പാട്ടും, ഹിന്ദി-ഉര്‍ദു-പേര്‍ഷ്യന്‍ ഗീതങ്ങളും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. പ്രപഞ്ചത്തെയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്സ്.

ഈശ്വരനെ കാണാന്‍ കഴിയുമോ? കണ്ടവരുണ്ടോ? എങ്ങനെയാണ് കാണാന്‍ കഴിയുക തുടങ്ങിയ വിഷയങ്ങള്‍ കുട്ടുകാരുമായും അധ്യാപകരുമായും ചര്‍ച്ചചെയ്തു. ഇംഗ്ലീഷ് അധ്യാപകനായ ഹേസ്റ്റിയില്‍ നിന്നാണ് നരേന്ദ്രന്‍ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ച് കേള്‍ക്കുന്നത്. ബന്ധുവായ രാമചന്ദ്രദത്തയാണ് ദക്ഷിണേശ്വരത്തു പോയി ശ്രീരാമകൃഷ്ണനെ കാണാന്‍ നിര്‍ദേശിച്ചത്. 1881-ല്‍ നരേന്ദ്രന്റെ അയല്‍വാസിയായ സുരേന്ദ്രനാഥ് മിത്രയുടെ വീട്ടില്‍ ശ്രീരാമകൃഷ്ണന്‍ വന്നിരുന്നു. മിത്രയുടെ ക്ഷണപ്രകാരമെത്തിയ നരേന്ദ്രന്‍ ശ്രീരാമകൃഷ്ണനുവേണ്ടി ഒരു കീര്‍ത്തനം പാടി. സംപ്രീതനായ ശ്രീരാമകൃഷ്ണന്‍ 'ഒരു ദിവസം ദക്ഷിണേശ്വരത്തേക്കു വരൂ' എന്ന് ക്ഷണിച്ചിട്ടാണ് പോയത്. വൈകാതെ ചില കൂട്ടുകാരുമൊത്ത് ദക്ഷിണേശ്വരത്തു ചെന്ന നരേന്ദ്രനെ ഏറെ നാളായി പ്രതീക്ഷിച്ചിരിക്കുന്നതുപോലെ ശ്രീരാമകൃഷ്ണന്‍ സ്വീകരിച്ചു.

ഈശ്വരനെ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിന്, 'ഈശ്വരദര്‍ശനത്തിനുവേണ്ടി ആത്മാര്‍ഥമായി കേഴുന്നവനു മുന്നില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല' എന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ സന്ദര്‍ശനം. താനന്വേഷിക്കുന്ന ആത്മീയഗുരുവിനെ ശ്രീരാമകൃഷ്ണനില്‍ നരേന്ദ്രന്‍ കണ്ടെത്തി. ക്രമേണ സ്വയം സമര്‍പ്പിച്ച് ഗുരുവിന്റെ പ്രിയശിഷ്യനായി മാറി. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനില്‍ സ്വന്തം പിന്‍ഗാമിയെയാണ് കണ്ടെത്തിയത്. 'സകല മാലിന്യങ്ങളെയും ഭസ്മീകരിക്കാന്‍ കഴിയുന്ന അഗ്‌നിയാണയാള്‍' എന്നാണ് ശ്രീരാമകൃഷ്ണന്‍ നരേന്ദ്രനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

1884-ല്‍ നരേന്ദ്രന്‍ ബി.എയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛന്‍ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ചുമതല നരേന്ദ്രനിലായി. സമ്പാദ്യങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ കുടുംബം പട്ടിണിയിലായി. ഒരു തൊഴില്‍ തേടി നരേന്ദ്രന്‍ അലഞ്ഞുതിരിഞ്ഞു. കിട്ടിയ തൊഴിലുകളൊന്നും കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. ഈശ്വരസേവയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച അമ്മപോലും ദൈവത്തെ നിന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. കരുണാമയനായ ഒരു ഈശ്വരനുണ്ടെങ്കില്‍ നല്ലവരും ഭക്തരുമായ അനേകംപേര്‍ പട്ടിണികിടക്കുന്നതെന്തിനെന്നാലോചിച്ച് നരേന്ദ്രന്‍ നിരീശ്വരവാദിയായി.

ഒടുവില്‍ വഴിതേടി, ഗുരുവിന്റെ അടുക്കല്‍ വന്ന നരേന്ദ്രനോട് പ്രാര്‍ഥിക്കാനാണ് ഗുരു നിര്‍ദേശിച്ചത്. എന്നാല്‍ കാളീക്ഷേത്രത്തില്‍ പോയ നരേന്ദ്രന്‍ 'ഭക്തി നല്‍കിയാലും, ജ്ഞാനമരുളിയാലും, വൈരാഗ്യമേകിയാലും' എന്നാണ് പ്രാര്‍ഥിച്ചത്. മറ്റൊന്നും ആവശ്യപ്പെടാന്‍ നരേന്ദ്രനായില്ല. സന്തുഷ്ടനായ ഗുരു കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അനുഗ്രഹമേകിയത്രേ.

1886-ല്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായി. ഗംഗാതീരത്ത് ശരീരം സംസ്‌കരിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തില്‍ ശിഷ്യന്മാര്‍ തീരുമാനിച്ചു. ശ്രീരാമകൃഷ്ണ ഭക്തനായ സുരേന്ദ്രനാഥ് മിത്രയുടെ സാമ്പത്തികസഹായത്തോടെ കൊല്‍ക്കത്തയ്ക്കും ദക്ഷിണേശ്വരത്തിനും മധ്യേ വരാഹനഗരത്തില്‍ പഴയൊരു കെട്ടിടം വാടകയ്‌ക്കെടുത്ത് ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.

ബെല്‍ഗം, ബാംഗ്ലൂര്‍ വഴി സഞ്ചരിച്ച് വിവേകാനന്ദന്‍ - കേരളത്തില്‍ ആദ്യമായി ഷൊര്‍ണൂരില്‍ കാലുകുത്തി. കൊച്ചി ദിവാനായിരുന്ന ശങ്കരയ്യരുടെ കൂടെ കുറച്ചുനാള്‍ താമസിച്ചു. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരത്ത് രാജാവിന്റെ മരുമകന്റെ ട്യൂട്ടറായിരുന്ന സുന്ദരരാമയ്യര്‍ക്കൊപ്പമായിരുന്നു താമസം. കേരളത്തിലെ ജാതിതിരിവുകളിലും തീണ്ടല്‍ തൊടീല്‍പോലുള്ള അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അസ്വസ്ഥനായ വിവേകാനന്ദന്‍ 'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് നപ്രസ്താവിച്ചു.

1892-ല്‍ തിരുവനന്തപുരത്തുനിന്ന് രാമേശ്വരം വഴി കന്യാകുമാരിയിലെത്തി. ഹിമാലയം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച വിവേകാനന്ദന്‍ കണ്ടത് മഹത്തായൊരു രാജ്യത്തിന്റെ ശോചനീയമായ അവസ്ഥയാണ്.

അമേരിക്കന്‍ പര്യടനത്തിനു വേണ്ട പണം പരിച്ചുകൊണ്ട് ശിഷ്യന്മാരെത്തിയപ്പോള്‍ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനാണ് വിവേകാനന്ദന്‍ ആവശ്യപ്പെട്ടത്. വിവേകാനന്ദന്റെ ശിഷ്യനായ ഖെത്രി രാജാവാണ് അമേരിക്കന്‍ പര്യടനത്തിന് സ്വാമിജിയെ നിര്‍ബന്ധിച്ചത്. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരമാണ് വിവേകാനന്ദന്‍ എന്ന പേര് സ്ഥിരമായി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

1893 മെയ് 31ന് ഖെത്രി രാജാവ് നല്‍കിയ ഫസ്റ്റ്ക്ലാസ് ടിക്കറ്റില്‍ എസ്.എസ് പെനിന്‍സുലാര്‍ എന്ന കപ്പലില്‍ മുംബൈ തുറമുഖത്തുനിന്ന് അമേരിക്കന്‍ പര്യടനത്തിനുള്ള ജൈത്രയാത്ര സ്വാമിജി ആരംഭിച്ചു. സിംഗപ്പൂര്‍, ഹോങ്കോങ്, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ യാത്രക്കിടെ സന്ദര്‍ശിച്ചു. കാനഡയിലെ വാന്‍കൂവറില്‍നിന്ന് തീവണ്ടിമാര്‍ഗമാണ് സ്വാമിജി ഷിക്കാഗോയിലെത്തിയത്.

വിശ്വമേളയുടെ അന്വേഷണവിഭാഗത്തിലന്വേഷിച്ച സ്വാമിജിക്ക്, 'മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല' എന്ന മറുപടിയാണ് ലഭിച്ചത്. കൈയില്‍ പണമില്ലാതെ അലഞ്ഞ വിവേകാനന്ദനെ ധനികയായ ഒരു വനിതയാണ് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ ഗ്രീക്ക് പ്രൊഫസറായ ജെ.എച്ച്.റൈറ്റിനെ പരിചയപ്പെടുത്തിയത്.

മതമഹാസമ്മേളനത്തിന്റെ നിര്‍വാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസര്‍മാരെയും ഒന്നിച്ചുചേര്‍ത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സമ്മേളനത്തില്‍ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്.

1893 സപ്തംബറില്‍ സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോയിലെ കൊളംബസ് ഹാളില്‍ നടത്തിയ പ്രഭാഷണം അക്ഷരാര്‍ഥത്തില്‍ അമേരിക്കന്‍ ചേതനയെ കുലുക്കിയുണര്‍ത്തി. അടുത്ത ദിവസത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മേളനവേദിയില്‍ വിവേകാനന്ദന്‍ പന്ത്രണ്ടോളം പ്രഭാഷണങ്ങള്‍ നടത്തി.

1894-ല്‍ സ്വാമിജി ന്യൂയോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895-ല്‍ വിവേകാനന്ദന്‍ ഫ്രാന്‍സ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനില്‍ മിസ് മുള്ളറും മിസ്റ്റര്‍ സ്റ്റര്‍ഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോര്‍ക്കിലേക്കു പോയി. 'കര്‍മയോഗ'ത്തെക്കുറിച്ച് ന്യൂയോര്‍ക്കില്‍ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. ഇംഗ്ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അഭേദാനന്ദ സ്വാമിയെയും അമേരിക്കയിലേത് ശാരദാനന്ദ സ്വാമികളെയും സ്വാമി വിവേകാനന്ദന്‍ ഏല്പിച്ചു.

1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയില്‍നിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനില്‍ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതമക്കളില്‍നിന്ന് വന്‍സ്വീകരണമായിരുന്നു ലഭിച്ചത്.

രാമനാട്, മധുര, തിരുച്ചി, കുംഭകോണം വഴി മദ്രാസിലെത്തിയ സ്വാമിജി, 'ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം' എന്ന പ്രധാന വിഷയത്തിലൂന്നി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഒരു പ്രവചനംപോലെ സ്വാമിജി ഇപ്രകാരം പറഞ്ഞു: 'ഇനി അമ്പതു കൊല്ലത്തേക്ക് അമ്മയായ മാതൃഭൂമി മാത്രമായിരിക്കണം ഭാരതീയരുടെ ആരാധ്യദേവത. കഥയില്ലാത്ത മറ്റ് ഈശ്വരന്മാരൊക്കെ നമ്മുടെ മനസ്സില്‍നിന്നു മാഞ്ഞുപോകട്ടെ.'

മദ്രാസില്‍നിന്ന് സ്വാമിജി കടല്‍മാര്‍ഗം കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്തയിലെത്തിയ സ്വാമിജി ആലം ബസാറിലെ സന്ന്യാസിമഠത്തില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. സന്ന്യാസിമാരെ ലോകസേവനത്തിനായി പലയിടങ്ങളിലേക്കയച്ചു.

ബാഗ് ബസാറില്‍ നിവേദിത വിദ്യാലയം എന്ന സ്ഥാപനം സ്ഥാപിച്ചു. പില്‍ക്കാലത്ത് സ്ത്രീകള്‍ക്കു മാത്രമായി ശാരദാമഠം സ്ഥാപിക്കപ്പെട്ടു.

ആസ്ത്മയുടെ ആക്രമണവും അവിശ്രമമായ പ്രവര്‍ത്തനവും കാരണം വിവേകാനന്ദന്റെ ആരോഗ്യം തകര്‍ന്നിരുന്നു. അനാരോഗ്യം മറച്ചുവെച്ച് പടിഞ്ഞാറന്‍ നാടുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തുരീയാനന്ദന്‍, സിസ്റ്റര്‍ നിവേദിത എന്നിവര്‍ക്കൊപ്പം 1899-ല്‍ ലണ്ടനിലേക്കു പോയി.

കുറച്ചുകാലം ലണ്ടനില്‍ ചെലവഴിച്ചശേഷം സ്വാമിജി അമേരിക്കയിലേക്കു പോയി. ഷിക്കാഗോയില്‍നിന്ന് 1900ത്തില്‍ പാരീസിലെത്തി. അവിടെ യൂണിവേഴ്‌സല്‍ എക്‌സ്‌പൊസിഷനോടനുബന്ധിച്ച് നടന്ന മതചരിത്ര മഹാസഭയില്‍ സംസാരിച്ചു.

തുടര്‍ന്ന് സ്വാമിജി വിയന്ന, ഏഥന്‍സ്, കെയ്‌റോ വഴി ഇന്ത്യയിലെത്തി. രോഗം മൂര്‍ച്ഛിച്ച ആ അവസ്ഥയിലും വിവേകാനന്ദന്‍ വിശ്രമമില്ലാതെ ഇന്ത്യയെങ്ങും സഞ്ചരിച്ചു. മഠാധിപതിയുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചു.

ദരിദ്രരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദന്‍ ഏറ്റവുമേറെ സംതൃപ്തിയനുഭവിച്ചത്. സര്‍വസംഗ പരിത്യാഗം, നിരപേക്ഷമായ കര്‍മം, വേദാന്ത ധര്‍മം എന്നിവയാണ് വിവേകാനന്ദ സന്ദേശത്തിലെ മുഖ്യ വിഷയങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ മന്ദ്രമധുരഗാനം ഭാരതം ആദ്യമായി ശ്രവിച്ചത് ആ ധീരമൊഴികളിലാണ്. ഒരു പരിവ്രാജകനായിട്ടും അദ്ദേഹം ഭാരതത്തിന്റെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്കായി ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്തു. ലോകത്തെ സേവിക്കുക, സത്യത്തെ കണ്ടെത്തുക എന്നുള്ളതായിരിക്കണം ഒരു സന്ന്യാസിയുടെ രണ്ടു പ്രതിജ്ഞകളെന്ന് അദ്ദേഹം വിശ്വസിച്ചു. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി സ്വാമി വിവേകാനന്ദന്‍ സമാധിയടഞ്ഞു. ദരിദ്രരുടെ ഉന്നമനത്തിനുവേണ്ടി യത്‌നിച്ച ആ മഹാന്‍ പറയുന്നത്, 'ചിലപ്പോള്‍ ഞാന്‍ വിചാരിക്കും, ആശ്രമങ്ങളും മറ്റും കെട്ടുന്നതുകൊണ്ട് എന്തു ഗുണം? ഇവയെല്ലാം വിറ്റു കിട്ടുന്ന പണം പാവങ്ങള്‍ക്കു കൊടുത്താലോ? ആരാധനയുടെ നിയമങ്ങളെല്ലാം വലിച്ചെറിയാം, സാധുജന സേവനത്തിനായി ജീവിതം സമര്‍പ്പിക്കാം' എന്ന്.
മഹദ്‌വചനങ്ങള്‍ :
  •  "നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതൽ സ്വാതന്ത്ര്യമാണു്‌. കാരണം, പൂർണ്ണസ്വാതന്ത്ര്യത്തിൽ മാത്രമേ പരിപൂർണ്ണത ഉണ്ടാവാൻ തരമുള്ളൂ"
  •     "ആദർശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദർശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം"
  •     "നാം കുട്ടിക്കാലം മുതൽക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു്‌ യത്നിച്ചു കൊണ്ടിരിക്കുന്നതു്‌; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല."
  •     "പാപം എന്നൊന്നുണ്ടെന്നു്‌ വേദാന്തം സമ്മതിക്കില്ല;ശരിയാണു്‌. തെറ്റുകളിൽ വച്ചേറ്റവും വലിയതു ഞാൻ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണു്‌."
  •     വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്കാരമാണ്-
  •     മലബാറിൽ ഞാൻ കണ്ടതിനേക്കാൾ ഏറ്റവും വലിയ വിഡ്‌ഢിത്തം ഇതിനുമുമ്പ്‌ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവർണ്ണർ നടക്കാറുള്ള തെരുവുകളിൽ പാവപ്പെട്ട പറയനു നടന്നുകൂടാ. പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ്‌ നാമം, അല്ലെങ്കിൽ മുഹമ്മദീയ നാമം സ്വീകരിച്ചാൽ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും.
  •     അനുസരണ, സന്നദ്ധത, ലക്ഷ്യത്തിനോടുള്ള താത്പര്യം, എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല
  •     ആദ്യം തന്നിൽ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും.
  •     സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തിൽ കടന്നു കൂടിയിരിക്കുന്നു അതിനു ഉടൻ ചികിത്സ ചെയ്യണം
  •     ഞാൻ എന്റെ ജനതയ്ക്കായി ഏറ്റെടുത്ത ദൗത്യങ്ങളുടെ പൂർത്തീകരണത്തിനായി ആവശ്യമെങ്കിൽ ഇരുന്നൂറുതവണ ജനിക്കാൻ തയ്യാറാണ്.
  •     ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ എന്റെ ആദർശം, ദൈവികതയെക്കുറിച്ചും അതെങ്ങനെ ജീവിതത്തിന്റെ ഓരോ നീക്കത്തിലും ആവിഷ്‌കരിക്കാമെന്നതിനെക്കുറിച്ചും മാനവരാശിയെ പ്രബോധിപ്പിക്കുക എന്നതാണ്.
  •     മനുഷ്യനിൽ അന്തർലീനമായ ദൈവികതയുടെ ആവിഷ്‌കരണമാണ് മതം.
  •     തത്ത്വങ്ങളിലല്ല പ്രയോഗത്തിലാണ് മതത്തിന്റെ രഹസ്യം അടങ്ങിയിട്ടുള്ളത്. നല്ലവനാവുക, നന്മചെയ്യുക - ഇതാണ് മതസർവസ്വം. മനുഷ്യൻ എല്ലാ മൃഗങ്ങളെക്കാളും എല്ലാ ദൈവദൂതന്മാരെക്കാളും ഉന്നതനാണ്. മനുഷ്യനെക്കാൾ ഉയർന്നവരായി ആരുമില്ല.
  •     മൃഗീയതയിൽ നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തിൽ നിന്ന് ദൈവികതയിലേക്കും ഉള്ള ഉയർച്ചയാണ് മതത്തിന്റെ ആദർശം.
  •     രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാതന്ത്ര്യം ഒരാൾ നേടിയിരിക്കാമെങ്കിലും അയാൾ തന്റെ ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അടിമയാണെങ്കിൽ പരിശുദ്ധമായ സന്തോഷവും യഥാർഥ സ്വാതന്ത്ര്യവും അയാൾ അനുഭവിക്കുന്നില്ല.
  •     ചുമരിനെ നോക്കൂ. ചുമർ എന്നെങ്കിലും കളവു പറഞ്ഞിട്ടുണ്ടോ? അതെന്നും ചുമർ മാത്രം. മനുഷ്യൻ കളവുപറയുകയും ദൈവമായിത്തീരുകയും ചെയ്യുന്നു. ഏറെ പണിപ്പെട്ട് ഞാൻ ഈ യാഥാർഥ്യം മനസ്സിലാക്കിയിരിക്കുന്നു!
  •     ദൈവം എല്ലാ ജീവനിലും സാന്നിധ്യം ചെയ്യുന്നു, അതിനപ്പുറം ഒരു ദൈവവുമില്ല. ജീവസേവ നടത്തുന്നവർ ദൈവസേവയാണ് നടത്തുന്നത്.
  •     നിങ്ങളുടെ മനസ്സിൽ നിന്ന് സഹായം എന്ന വാക്ക് വെട്ടിക്കളയുക. നിങ്ങൾക്ക് സഹായിക്കുവാനാവില്ല. അത് ദൈവനിന്ദയാണ്! നിങ്ങൾക്ക് ആരാധിക്കാം. നിങ്ങൾ ഒരു നായയ്ക്ക് അല്പം ഭക്ഷണം നല്കുമ്പോൾ നിങ്ങൾ ആ നായയെ ദൈവമായിക്കണ്ട് ആരാധിക്കണം. അവൻ എല്ലാമാണ്. അവൻ എല്ലാറ്റിലുമുണ്ട്.
 1893 സപ്തംബർ 15 ലോക മതസമ്മേളനത്തില്‍  സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗം
"ഞാനൊരു കൊച്ചു കഥ പറയാം: പണ്ട്, ഒരു കിണറ്റിൽ ഒരു തവളയുണ്ടായിരുന്നു. ഒരുപാട് കാലമായി ആ കിണറ്റിലാണ് തവള താമസിച്ചിരുന്നത്. അവിടെ ജനിച്ചുവളർന്ന തവള. ഒരു കൊച്ചുതവള. ഒരു ദിവസം കടലിൽ ജനിച്ചുവളർന്ന മറ്റൊരു തവള യാദൃച്ഛികമായി ഈ കിണറ്റിൽ വന്നുപെട്ടു. നമ്മുടെ തവള ചോദിച്ചു: 'നീയെവിടുന്നാ?' 'കടലിൽനിന്ന്'. 'കടലോ? അതെത്രത്തോളം കാണും? എന്റെയീ കിണറോളം വലുതാണോ?' കിണറിന്റെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി, നമ്മുടെ തവള ചോദിച്ചു. വന്ന തവള ചിരിച്ചു. 'എന്റെ ചങ്ങാതീ, കടലിനെയും ഈ ചെറു കിണറിനെയും എങ്ങനെയാ താരതമ്യം ചെയ്യുക?' നമ്മുടെ തവള ഒരു ചാട്ടം കൂടി ചാടി ചോദിച്ചു: 'അത്രയും വലുതാണോ കടൽ?' 'നീയെന്ത് വിഡ്ഢിത്തമാ പറയുന്നത്. കടലും കിണറും തമ്മിൽ എന്തു താരതമ്യം?' 'ശരി ശരി. ഈ കിണറിനെക്കാൾ വലുതായി ഒന്നുമുണ്ടാവില്ല. എനിക്കറിയാം. നീ നുണ പറയുകയാ.' എല്ലാ കാലത്തേയും പ്രധാന കുഴപ്പമാണിത്. ഞാനൊരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചുകിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയൻ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. ഈ കൊച്ചുലോകങ്ങളുടെ അതിരുകൾ തകർക്കാൻ കാട്ടിയ മഹത്തായ ശ്രമത്തിന് ഞാൻ അമേരിക്കക്കാരായ നിങ്ങൾക്ക് നന്ദി പറയുന്നു. ഈ ലക്ഷ്യം നേടാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു."

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...