Monday, January 19, 2015

സ്മാര്‍ട്ട്‌ഫോണുകള്‍ ബാക്ടീരിയകളുടെ താവളമെന്ന് പഠനം

എന്ത് അന്തസ്സോടെയാണ് ഓരോരുത്തരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടുനടക്കുന്നത് അല്ലേ; പൊടി തുടച്ച്, പോറലേല്‍ക്കാതെ....

സറേയ് സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷണ വിദ്യാര്‍ഥികള്‍ ഏതാനും ഫോണുകള്‍ പെട്രി ഡിഷുകളില്‍ മുക്കിവെച്ചപ്പോള്‍ കഥ മാറി ( Petri dishes എന്ന് പറഞ്ഞാല്‍, ഗവേഷകര്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം). ഫോണിന്റെ പ്രതലത്തിലെ ബാക്ടീരിയകള്‍ വളര്‍ന്നുപെരുകുന്നതു കണ്ട് അവര്‍ അന്തംവിട്ടു.


ഒടുവില്‍ അവര്‍ തീരുമാനത്തിലെത്തി - കരുതുംപോലെ അത്ര വൃത്തിയുള്ളതല്ല നമ്മുടെ ഫോണുകള്‍. ആയിരക്കണക്കിന് ബാക്ടീരിയകളുടെ താവളമാണ് അവ. ഓരോ തവണ ഫോണില്‍ വിരല്‍തൊടുമ്പോഴും, നിങ്ങളുടെ വിരലിലേക്ക് ബാക്ടീരിയകള്‍ എത്തുന്നുണ്ട്!

ഫോണുടമയുടെ ശരീരത്തിലുള്ള ബാക്ടീരിയ മാത്രമല്ല ഫോണില്‍ കണ്ടത്. പ്രാണികള്‍, ഭക്ഷണം, കഫം, തുപ്പല്‍ തുടങ്ങിയവയില്‍നിന്നുള്ള ബാക്ടീരിയകളും ഫോണില്‍ സസുഖം വാഴുന്നു!

ഏറ്റവും കൂടുതല്‍ ബാക്ടീരിയകള്‍ ഫോണിന്റെ ഹോംബട്ടന് ചുറ്റുമാണുള്ളതെന്നും പഠനത്തില്‍ വ്യക്തമായി.

തിരിച്ചറിഞ്ഞ ബാക്ടീരിയകളില്‍ മിക്കതും അപകടകാരിയല്ല. പക്ഷേ, വെറുപ്പുളവാക്കുന്നവയാണ്.



സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ മാത്രമല്ല നമ്മുടെ ബാക്ടീരികളയെും വഹിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.സിമൊണ്‍ പാര്‍ക്ക് പറയുന്നു.

ഫോണിനെ സ്പര്‍ശിക്കുന്ന ഫോണുടമയുടെ ശരീരത്തിലെ ബാക്ടീരയ മാത്രമല്ല, ഫോണുടമ സ്പര്‍ശിക്കുന്നവരുടെ ബാക്ടീയയും ഫോണില്‍ കാണാം.

അതേസമയം, മനുഷ്യശരീരത്തില്‍ ഉണ്ടുറങ്ങുന്ന ബാക്ടീരിയകളെത്രയെന്ന് മനസിലാക്കിയാല്‍, നമ്മുടെ ഫോണുകളില്‍ ഇത്രയും ബാക്ടീരിയ ഉണ്ടല്ലോ എന്ന അമ്പരപ്പ് കുറഞ്ഞേക്കും.

നല്ല ആരോഗ്യവും ശുചിത്വവുമുള്ള ഒരു വ്യക്തിയുടെ ശരീരത്തിന്റെ ബാഹ്യഭാഗങ്ങളില്‍ മാത്രം ഒരുലക്ഷം കോടി ബാക്ടീരിയകള്‍ മേഞ്ഞുനടക്കുന്നതായാണ് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്.

ശരീരത്തിനുള്ളിലെ ബാക്ടീരികളും കൂടിയായാല്‍ മനുഷ്യശരീരത്തില്‍ പാര്‍ക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം ഏതാണ്ട് നൂറ് ക്വാഡ്രില്ല്യണ്‍ (ഒരു ക്വാഡ്രില്ല്യണ്‍ = 100 കോടി കോടി) വരും എന്നാണ് കണക്ക്.

ഇത്രയും ബാക്ടീരിയകളെ ശരീരത്തില്‍ വഹിക്കുന്ന ജീവിയാണ് മനുഷ്യന്‍. ആ നിലയ്ക്ക് മനുഷ്യന്റെ കൈയിലിരിക്കുന്ന ഫോണില്‍ ബാക്ടീരിയകള്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ (കടപ്പാട്: www. news.com.au ).

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...