Saturday, June 27, 2015

ബങ്കിം ചന്ദ്ര ചാറ്റര്‍ജി - ജന്മദിനം

വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയില്‍ പ്രശസ്തനായ ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി 1838 ജൂണ്‍ 27ന് ജനിച്ചു. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ബങ്കിംചന്ദ്ര ജനിച്ചത്. ഉപനയനം കഴിഞ്ഞ് അഞ്ചാം വയസ്സില്‍ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹത്തിന് മൂന്നുഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. മൊഹ്‌സിന്‍ കോളേജിലും, കല്‍ക്കട്ടയിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജിലുമായിട്ടായിരുന്നു ഉപരിപഠനം.

1857 ല്‍ ബിരുദം പൂര്‍ത്തിയാക്കി. കല്‍ക്കട്ടാ സര്‍വ്വകലാശാലയിലെ ആദ്യ രണ്ടു ബിരുദധാരികളില്‍ ഒരാളായിരുന്നു ബങ്കിം ചന്ദ്ര ചാറ്റര്‍ജി. ഭാരത ചരിത്രത്തിലെ ആദ്യ ബി.എ ബാച്ചിലുള്‍പ്പെട്ട് ബിരുദം നേടിയ അദ്ദേഹത്തിന് ഡപ്യൂട്ടികളക്ടര്‍ ജോലി നേടാന്‍ കഴിഞ്ഞു. ബങ്കിം ചന്ദ്ര ചാറ്റര്‍ജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു.

‘ബംഗദര്‍ശന്‍’ എന്ന ബംഗാളി പത്രം അദ്ദേഹം ആരംഭിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊര്‍ജ്ജ ശ്രോതസ്സും, പില്‍ക്കാലത്ത് ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉല്‍കൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മാതൃരാജ്യത്തെ അളവറ്റു സ്‌നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീര്‍ത്ത ആ ധീരദേശാഭിമാനി 1894 ല്‍ അന്തരിച്ചു.

Wednesday, June 24, 2015

JUNE 26 WORLD ANTI DRUG DAY

മനുഷ്യ സമൂഹത്തെ നാശത്തിലേയ്ക്ക തള്ളിവിടുന്ന ലഹരി മരുന്നുകള്‍ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ആചരിക്കുന്ന ദിനമാണ് ലോക ലഹരി വിരുദ്ധദിനം. 1987 ഡിസംബര്‍ 7നാണ് യുഎന്‍ ജനറല്‍ അസംബ്ലി, ജൂണ്‍ 26ന് ലോക ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.

യുവതലമുറയാണ് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ പ്രമേയം പാസാക്കപ്പെട്ടത്. തുടര്‍ന്ന് 1988 ജൂണ്‍ 26ലോക ലഹരി വിരുദ്ധദിനമായി ആചരിച്ചു വരുന്നു.

ഈ ദിനത്തില്‍ ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരു വ്യക്തി ഉറച്ച തീരുമാനമെടുക്കുന്നതാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം.

Saturday, June 20, 2015

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം


യോഗയുടെ പ്രാധാന്യം മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്.പുരാതനകാലം മുതലുള്ള വിശ്വാസങ്ങളും, ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള യോഗ നിരവധി രോഗങ്ങള്‍ക്കുള്ള ചികിത്സ കൂടിയാണ്. സൈനസൈറ്റിസും,ആസ്മയും തുടങ്ങി മനോരോഗങ്ങള്‍ വരെ അകറ്റാനുള്ള ചികിത്സാ മാര്‍ഗമാണിന്ന് യോഗ. യോഗവിദ്യയെ സമാന്തര ചികിത്സാ ശാഖയായി പരക്കെ അംഗീകരിച്ചുകഴിഞ്ഞു.
ഉയര്‍ന്ന രക്ത സമ്മര്‍ദം,താഴ്ന്ന രക്ത സമ്മര്‍ദം, പേശീവലിവ്,സന്ധിവേദന, വാതസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കും സ്ഥിരമായുള്ള യോഗാഭ്യാസത്തിലൂടെ ചികിത്സയുണ്ട്. പലരോഗങ്ങള്‍ക്കും യോഗമുറകളുണ്ട്.നടുവേദനയും മുട്ടുവേദനയും കുറയ്ക്കാന്‍ ജാനുശീര്‍ഷാസനം, രക്ത സമ്മര്‍ദം കുറയ്ക്കാനും,ഏകാഗ്രത കൂട്ടാനും പത്മാസനം, സൈനസൈറ്റിസ്,ആസ്മ എന്നിവയ്ക്ക് ഭുജംഗാസനം,ഗ്യാസ് ട്രബിളിന് പാദഹസ്താസനം തുടങ്ങി പല രോഗങ്ങള്‍ക്കും പല യോഗമുറകളാണ്. മാനസിക രോഗികളില്‍ യോഗ ചികിത്സ ഫലപ്രദമാകുന്നുവെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.വിഷാദ രോഗത്തിനും യോഗ ചികിത്സ ഫലപ്രദമാണ്.പ്രമേഹത്തിന് യോഗ മരുന്നല്ലെങ്കിലും രോഗത്തെ യോഗയിലൂടെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും.ആറുതലങ്ങളുള്ള ഒരു യോഗചര്യയാണ് പ്രമേഹ നിയന്ത്രണത്തിന് വേണ്ടത്.പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്നതിനൊപ്പം ശരീരം ഗ്ലൂക്കോസിനെ ഉപയോഗപ്പെടുത്തുന്നതിന്‍റെ തോത് വര്‍ദ്ധിപ്പിക്കാനും കഴിയുന്നതിലൂടെയാണ് പ്രമേഹ നിയന്ത്രണം സാദ്ധ്യമാകുന്നത്.
ജലദോഷത്തിനുപോലും യോഗയിലൂടെ ചികിത്സയുണ്ട്.ദീര്‍ഘ ശ്വസന്‍ യോഗയില്‍ ജലദോഷം തടയാനുള്ള മാര്‍ഗമാണ്.പ്രായാധിക്യം മൂലമുള്ള ഓര്‍മ നഷ്ടപ്പെടല്‍,വിഷാദ രോഗം എന്നിവയ്ക്കും മറ്റുമരുന്നുകള്‍ക്കൊപ്പം യോഗചികിത്സയും നല്‍കുന്നത് വേഗത്തില്‍ രോഗം ഭേദമാകാന്‍ സഹായിക്കും.യോഗയെ ഒരു വ്യായാമമായി മാത്രം കരുതാതെ നിരവധി രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള ചികിത്സാ മാര്‍ഗമായി മനസിലാക്കി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്

സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം

കൊട്ടോടി സ്കൂളിലെ വിവിധ സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം 19.06.2015 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.കവിയും അധ്യാപകനുമായ കുമാരന്‍ പെരിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനറും കവയത്രിയുമായ ശ്രീമതി ബേബിസുധ സ്വാഗതം പറഞ്ഞു.ഹെഡ്‌മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ഹയര്‍ സെക്കന്ററി അധ്യാപകന്‍ ശ്രീ ജിനുമോന്‍,സ്റ്റാഫ് സെക്രട്ടറി ശ്രീ.വി.കെ ബാലകൃഷ്ണന്‍,ആലീസ് തോമസ്,സൂസമ്മ തോമസ്,സീനിയര്‍ അധ്യാപിക ബിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ചു.
 അധ്യക്ഷ പ്രസംഗം - ഹെഡ്മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ്
 ഉദ്ഘാടനം - ശ്രീ കുമാരന്‍ പെരിയ

Friday, June 19, 2015

വായനാവാരത്തെ വരവേല്‍ക്കാന്‍.....

കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വായനാ വാരത്തിന് തുടക്കമായി.സ്കൂള്‍ ഗ്രൗണ്ടിലെ കാഞ്ഞിരമരത്തെ സാക്ഷിനിര്‍ത്തി കുട്ടികള്‍ വായനാവൃത്തം തീര്‍ത്തു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇതോടുകൂടി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും.ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ വായനയും,ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മണ്ണ്-പ്രകാശ വര്‍ഷാചരണത്തിന്റെ ഭാഗമായി ശാസ്ത്ര വായനയും,ഗണിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗണിത ശാസ്ത്രകാരന്മാരുടെ ഗ്രന്ഥങ്ങളുടെ വായനയും നടത്തും.മറ്റു ക്ലബ്ബുകളും വായനാവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Saturday, June 13, 2015

ലോക രക്തദാന ദിനം ജൂണ്‍ - 14 - കാള്‍ലാന്റ് സ്റ്റെയ്‌നറുടെ ജന്മദിനം

ABO രക്തഗ്രൂപ്പ് കണ്ടുപിടിച്ച് നോബല്‍ സമ്മാനാര്‍ഹനായ കാള്‍ലാന്റ് സ്റ്റെയ്‌നറുടെ ജന്മദിനമാണ്  ജൂണ്‍ - 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്.
കാള്‍ലാന്റ് സ്റ്റെയ്‌നര്‍
"Thank You for saving my life" - "എന്റെ ജീവന്‍ രക്ഷിച്ചതിന് നന്ദി " എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം

സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി.

മനുഷ്യ രക്തത്തിനു പകരമായി മറ്റൊന്നില്ല. അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാകുന്നു

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍‌മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്; പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു.


പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും.

അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച്.ഐ.വി., മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു.

ശാസ്ത്ര-ആരോഗ്യ ക്ലബ്ബ്
ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കൊട്ടോടി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...